കോഴിക്കോട്: ഹിന്ദി ചാനലായ ടി.വി 9 പുറത്തുവിട്ട കോഴ ആരോപണത്തിനെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ കോഴിക്കോട് ലോക്‌സഭമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും എം.പിയുമായ എം.കെ. രാഘവൻ വികാരാധീനനായി പൊട്ടിക്കരഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി നടത്തിയ ഗൂഢാലോചനയാണ് സ്റ്റിംഗ് ഓപ്പറേഷനെന്നും പുറത്തുവന്ന വീഡിയോയിലെ സംഭാഷണം തന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അപമാനം നേരിട്ട അവസരം ഉണ്ടായിട്ടില്ലെന്നും തനിക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞാണ് എം.കെ. രാഘവൻ പൊട്ടിക്കരഞ്ഞത്.
എന്നാൽ, വ്യവസായ സംരംഭം തുടങ്ങാനെന്ന പേരിൽ വന്നവരിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ച് കോടി രൂപ നൽകാമെന്ന വാഗ്ദാനം സ്വീകരിച്ച എം.കെ. രാഘവൻ എം.പി സ്ഥാനം രാജിവയ്ക്കണമെന്നും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
"സംഭാഷണം അദ്ദേഹത്തിന്റേത് തന്നെയാണ്. ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കണമെന്നും ചെലവഴിക്കണമെന്നുമാണ് ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശമുള്ളത്. ഇത് അദ്ദേഹം ലംഘിച്ചെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. വാർത്ത പുറത്തുവിട്ട ചാനൽ മോശമാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ സാധിക്കില്ല.'' സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''തിരഞ്ഞെടുപ്പിൽ അപകീർത്തിപ്പെടുത്തുന്നതിന് സൃഷ്ടിച്ച കൃത്രിമ വീഡിയോയാണിത്. അതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ദൃശ്യത്തിൽ നിരവധി തവണ എഡിറ്റിംഗ് നടന്നിട്ടുണ്ട്. പറയാത്ത കാര്യങ്ങളാണ് എഡിറ്റ് ചെയ്ത് കൂട്ടിചേർത്തത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം.
-എം.കെ. രാഘവൻ