കൽപ്പറ്റ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിന് മുന്നെ വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി വിവാദമാകുന്നു. കൽപ്പറ്റ എൻ.എം.എസ്.എം സർക്കാർ കോളേജിലെ ഒന്നാം വർഷ ജേർണലിസം വിദ്യാർഥിനിയും മുൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായ ശബാന ജാസ്‌മിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തത്. ആർ.കെ ബിജുരാജിന്റെ നക്‌സൽ ദിനങ്ങൾ എന്ന പുസ്തകം കൈവശം വെച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയച്ചത്.
നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ശബാന നസ്‌റിൻസുഹൃത്തിനെ കാത്ത് റോഡരികിൽ നിൽക്കവെയാണ് പൊലീസ് എത്തിയത്. പിന്നീട് വണ്ടിയിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വനിതാ പൊലീസുകാർ ബാഗ് പരിശോധിച്ചപ്പോഴാണ് ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച ' നക്‌സൽ ദിനങ്ങൾ ' എന്ന പുസ്തകം കണ്ടെത്തിയത്. വിവരമറിഞ്ഞ് സുഹൃത്തുകൾ എത്തിയപ്പോൾ കരുതൽ തടങ്കലാണെന്നാണ് അവരോട് പറഞ്ഞത്. വെെകീട്ട് നാലരയോടെയാണ് രണ്ടുപേരുടെ ജാമ്യത്തിൽ ശബാനയെ വിട്ടയച്ചത്.
പൊലീസ് അറസ്റ്റിനെതിരെ ശബാന ശക്തമായി പ്രതികരിച്ചു. സുരക്ഷിതമായ ഇന്ത്യയെന്നാണ് പ്രധാനമന്ത്രിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി വയനാട്ടിലെത്തി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശന ദിവസം തന്നെ വേദനിപ്പിക്കുന്ന തരത്തിലാണ് പൊലീസ് തന്നോട് പെരുമാറിയത്. ശബാന പറഞ്ഞു.
കേരളത്തിന്റെ നക്‌സൽ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണ് നക്‌സൽ ദിനങ്ങൾ. 2015ലാണ് ആ പുസ്തകം പുറത്തിറങ്ങിയത്. അടുത്തിടെ വൈത്തിരിയിൽ വച്ച് മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.