ആലപ്പുഴ:തിരുവമ്പാടി മുല്ലാത്ത് വാർഡ് ചക്കാലയിൽ മേരിജാക്വലിനെ (52) വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്, ആലപ്പുഴ നഗരത്തിൽ സെക്സ് റാക്കറ്റിന് നേതൃത്വം കൊടുക്കുന്ന സ്ത്രീയും ആട്ടോ ഡ്രൈവറുമടക്കം മൂന്നുപേരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പണിക്കൻവെളി വീട്ടിൽ നജ്മൽ (അജ്മൽ-28), പുന്നപ്ര പവർഹൗസ് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ മുംതാസ് (46), ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമളപുരം ചിറയിൽ ഹൗസിൽ സീനത്ത് (താത്ത- 49) എന്നിവരെയാണ് ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബി, സൗത്ത് സി.ഐ കെ.എസ്.അരുൺ, എസ്.ഐ. ദ്വിജേഷ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരിജാക്വലിനെ മാർച്ച് 12നാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ സീനത്തിന്റെ സെക്സ് റാക്കറ്റുമായി മേരി ജാക്വലിനും ബന്ധമുണ്ടായിരുന്നു. വിദേശത്ത് ജോലിയുള്ള ഏക മകന്റെ അടുത്തേക്ക് ഏപ്രിൽ 15ന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പലിശയ്ക്ക് പണം കൊടുക്കലും ഇവർക്കുണ്ടായിരുന്നു. 11ന് രാവിലെ നജ്മലും മുംതാസും ഈ വീട്ടിലെത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഉച്ചയോടെ മടങ്ങി. പിന്നീട് നജ്മൽ നഗരത്തിലെ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി കഴിച്ചശേഷം മുംതാസുമൊത്ത് വീണ്ടും മേരിജാക്വലിന്റെ വീട്ടിലെത്തി. മുംതാസിനെ കാവലിരുത്തിയശേഷം നജ്മൽ മേരിജാക്വലിനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവരെ മർദ്ദിച്ച് നിലത്തിട്ടശേഷം സ്വർണ്ണാഭരണവും പണവും മൊബൈൽഫോണും കവർന്നശേഷം മുംതാസുമൊത്ത് തിരിച്ചുപോയി.
12ന് മകൻ വിദേശത്തു നിന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും അമ്മയെ കിട്ടിയില്ല. സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും അവർ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. 13ന് മകനും ഭാര്യയും വീട്ടിലെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് മേരി ജാക്വിലിൻ വിവസ്ത്രയായി കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്. നട്ടെല്ലിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
കൊലപാതകമാണെന്ന സംശയം ഉയർന്നതോടെ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിർദ്ദേശത്തെത്തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വിരടയാള വിദഗദ്ധർ, സൈബർസെൽ, ഫോറൻസിക് വിഭാഗങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. 430 പേരെ ചോദ്യം ചെയ്തു. ഒരുലക്ഷത്തോളം കോളുകൾ പരിശോധിച്ചു. മേരിജാക്വലിൻ ഉപയോഗിച്ച മൊബൈൽ ഫോൺ പുന്നപ്രയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്നാണ് പ്രതികൾ കുടുങ്ങിയത്. മോഷ്ടിച്ച സ്വർണ്ണം ആലപ്പുഴയിലെ കടയിൽ വിറ്റത് സീനത്ത് വഴിയായിരുന്നു. ഈ സ്വർണ്ണവും പണവും ഫോണും പൊലീസ് കണ്ടെടുത്തു. വീടിന്റെ താക്കോൽ കണ്ടെത്താനായില്ല. എ.എസ്.ഐമാരായ നെവിൻ, ടി.ഡി.ഷാജിമോൻ, പ്രമോദ്, സീനിയർ സി.പി.ഒ മാരായ മോഹൻകുമാർ, ജാക്‌സൺ, വർഗീസ്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.