വി.വി.ഐ.പി സുരക്ഷയിൽ നമ്പർ വൺ ആയ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്. പത്ത് നാഷണൽ സെക്യൂരിറ്റി കമാൻഡോകൾ തീർക്കുന്ന സുരക്ഷാവലയം, പൊലീസ് കമാൻഡോകൾ എന്നിയുൾപ്പെടെ 55 പേർ അടങ്ങുന്നതാണ് ഇസഡ് പ്ളസ് വിഭാഗത്തിലെ സുരക്ഷാ വന്മതിൽ.
അത്യാധുനിക തോക്കുകൾ, ഏറ്റവും കാര്യക്ഷമമായ വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ സേനയുടെ പക്കലുണ്ടാകും. ആയുധമില്ലാതെ എതിരാളിയെ കീഴ്‌പ്പെടുത്താനാകും വിധമുള്ള അഭ്യാസ മുറകളിൽ പരിശീലനം സിദ്ധിച്ചവരായിരിക്കും ദേശീയ സുരക്ഷാ കമാൻഡോകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ നിലവിൽ പതിനേഴു പേർക്കാണ് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ.
ഇസഡ് പ്ളസ് കഴിഞ്ഞാൽ, ഇസഡ്, വൈ, എക്‌സ് എന്നിങ്ങനെയാണ് തൊട്ടു താഴെയുള്ള സുരക്ഷാ കാറ്റഗറികൾ. നാലോ അഞ്ചോ എൻ.എസ്.ജി കമാൻഡോകൾ, പൊലീസ് കമാൻഡോകൾ എന്നിവരുൾപ്പെടെ 22 പേരാണ് ഇസഡ് കാറ്റഗറിയിലെ സുരക്ഷയ്‌ക്കായി ഉണ്ടാവുക. വൈ കാറ്റഗറിയിൽ ഒന്നോ രണ്ടോ കമാൻഡോകളും പൊലീസുകാരും ഉൾപ്പെടെ 11 പേരുടെ സേവനം ലഭിക്കും. എക്‌സ് കാറ്റഗറിയിലാകട്ടെ, കാവലിന് കമാൻഡോകൾ ഉണ്ടാകില്ല. പകരം, സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് നിർദ്ദേശിക്കുന്ന സായുധ പൊലീസ് വിഭാഗത്തിലെ രണ്ടു പേരായിരിക്കും ഡ്യൂട്ടിക്ക് ഉണ്ടാവുക.
ഡൽഹി പൊലീസ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സി.ആർ.പി.എഫ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയാണ് അതീവസുരക്ഷാ സേനയിലേക്ക് നിയോഗിക്കുക. ഇവർക്ക് പ്രത്യേക പരിശീലനവും നൽകും. കമാൻഡോകളും പൊലീസും തീർക്കുന്ന സുരക്ഷാ വലയത്തിനു പുറമേ ഇസഡ് പ്ളസ്, ഇസഡ് കാറ്റഗറിയിൽ ഉള്ളവർക്ക് സുരക്ഷയുടെ ഭാഗമായി എസ്‌കോർട്ട് കാറും ലഭിക്കും.