saritha-s-nair

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സരിത എസ്. നായരെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ജയശങ്കർ രംഗത്ത്. എറണാകുളത്തും ആലപ്പുഴയിലും മത്സരിക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാൽ വേണുഗോപാൽ പിൻമാറിയതിനാൽ തുടർന്ന് ആലപ്പുഴ മണ്ഡലം വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് പാർട്ടിയിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സരിത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി മെയിലുകളും ഫാക്സുകളും അയച്ചിരുന്നെന്നും . എന്നാൽ ഒരിക്കൽ പോലും തനിക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നും സരിത പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി രണ്ടു വനിതകളെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നു: കണ്ണൂരിൽ ശ്രീമതി ടീച്ചർ, പത്തനംതിട്ടയിൽ വീണാ ജോർജ്. കോൺഗ്രസും രണ്ടു സ്ത്രീകൾക്ക് അവസരം നൽകി: ആലപ്പുഴയിൽ ഷാനിമോൾ, ആലത്തൂരിൽ രമ്യ ഹരിദാസ്. ബിജെപിക്കുമുണ്ട് രണ്ടു വനിതാ സ്ഥാനാർഥികൾ: ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ, പൊന്നാനിയിൽ വിടി രമ.

നവോത്ഥാന നായിക സരിതാ നായരെ ഒരു പാർട്ടിയും പരിഗണിച്ചില്ല. അതുകൊണ്ട് രണ്ടു സീറ്റിൽ മത്സരിക്കാൻ സ്വയം തീരുമാനിച്ചു. എറണാകുളത്തും വയനാട്ടിലും പത്രിക സമർപ്പിച്ചു.

ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണ്. രാഹുൽഗാന്ധിക്കു രണ്ടിടത്തു മത്സരിക്കാമെങ്കിൽ സരിതയ്ക്കുമാകാം.

എറണാകുളത്തും ആലപ്പുഴയിലും മത്സരിക്കാനാണ് മാഡം ആദ്യം ഉദ്ദേശിച്ചത്. വേണുഗോപാൽ പിൻമാറിയതിനാൽ ആലപ്പുഴ വേണ്ടെന്നുവച്ചു; ആറ്റിങ്ങൽ മത്സരിക്കാൻ ആലോചിച്ചു. അപ്പോഴാണ് രാഹുൽ വന്നു പെടുന്നത്. ഉടനെ ചുരം കയറി വയനാട്ടിലും സ്ഥാനാർഥിയായി.

സരിത മാഡം മത്സര രംഗത്ത് ഉറച്ചു നിൽക്കും. കോൺഗ്രസിന്റെ ജനവഞ്ചനയും സ്ത്രീ വിരുദ്ധതയും തുറന്നു കാട്ടും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വോട്ട് ചോദിക്കും.

രണ്ടിടത്തും ജയിക്കും എന്നാണ് പ്രതീക്ഷ. ഏതു സീറ്റ് നിലനിർത്തണം, ഏത് ഉപേക്ഷിക്കണം എന്ന് ഫലപ്രഖ്യാപനം കഴിഞ്ഞു തീരുമാനിക്കും.