pinarayi-vijayan

എൻ.കെ. പ്രേമചന്ദ്രനെതിരെ അഞ്ച് വർഷം മുൻപ് തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ. അഞ്ച് വർഷം മുൻപ് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്ത് കൊല്ലത്ത് ചെന്ന പിണറായി വിജയന്റെ പരനാറി പ്രസംഗമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമാക്കിയത്.

വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേളയിൽ പഴയ പ്രസംഗത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത മുഖ്യമന്ത്രി അഭിപ്രായം മാറ്റി പറയില്ലെന്ന് തെളിയിച്ചിരിക്കയാണ്. പരനാറി എന്നും പരനാറി തന്നെയാണ് ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ എന്നും പിണറായിയെ പരിഹസിച്ച് കൊണ്ട് അഡ്വ. ജയശങ്കർ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്; പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.

അഞ്ചു വർഷം മുമ്പ്, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്താണ് പിണറായി കൊല്ലത്തു ചെന്ന് പരനാറി പ്രസംഗം നടത്തിയത്. അതും ഒരിടത്തല്ല, മൂന്നിടത്ത് ഒന്നിനൊന്നു മികച്ച രീതിയിൽ. ഫലം, പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമായി.

കൊല്ലം അഞ്ചു കഴിഞ്ഞു. ഇതിനിടെ പ്രേമചന്ദ്രൻ വലിയൊരു പാർലമെന്റേറിയനായി പേരെടുത്തു. കൊല്ലത്തു പ്രചരണത്തിനെത്തിയ സീതാറാം യെച്ചൂരി, പ്രേമചന്ദ്രനെയോ ആർഎസ്പിയെയോ പേരെടുത്തു വിമർശിച്ചില്ലെന്നു മനോരമാദി പത്രങ്ങൾ വാർത്ത കൊടുത്തു.

യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ