ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ച ഏഴുവയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒൻപതാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിറുത്തിയിരിക്കുന്നത്.
തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. ശരീരത്തിലെ മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് പുറത്തെടുക്കണ്ട എന്നാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ സംഘത്തിന്റെ കൂടി നിർദേശങ്ങൾക്കനുസരിച്ചാണ് കുട്ടിക്ക് ചികിത്സ നൽകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സർക്കാരാണ് കുട്ടിയുടെ ചികിത്സകൾ ഏറ്റെടുത്തിരിക്കുന്നത്.