ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴം തേടുന്ന നരേന്ദ്ര മോദിക്കെതിരെ തന്റെ മണ്ഡലമായ വാരണാസിയിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിരാളിയെ രംഗത്തിറക്കാൻ പ്രതിപക്ഷ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷിയെ ഇവിടെ സ്ഥാനാർത്ഥിയാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ഇതിനെ തടിയിടാൻ ആർ.എസ്.എസ് നേതൃത്വം അനുനയ നീക്കവുമായി രംഗത്തെത്തിയതായും വിവരമുണ്ട്.
2014ൽ മുരളീ മനോഹർ ജോഷി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് നരേന്ദ്ര മോദി മത്സരിച്ച് വിജയിച്ചത്. തുടർന്ന് കാൺപൂരിൽ നിന്ന് ജനവിധി തേടിയ ജോഷി 54ശതമാനം വോട്ട് നേടിയാണ് പാർലമെന്റിലെത്തിയത്. എന്നാൽ പാർലമെന്റിന്റെ എസ്‌റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായ ജോഷി ഗംഗ ശുചീകരണം, ബാങ്കിംഗ് എൻ.പി.എ തുടങ്ങിയ വിഷയത്തിൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടുകൾ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ 'രാജൻ ലിസ്‌റ്റ്' (രഘുറാം രാജൻ പുറത്തുവിട്ട ലിസ്റ്റ്) വെളിപ്പെടുത്തിയതും ജോഷിയായിരുന്നു. ഇക്കാരണത്താലാണ് ജോഷിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതെന്നാണ് പാർട്ടിയിലെ തന്നെ സംസാരം. തനിക്ക് സീറ്റ് നൽകാത്തതിലെ നീരസം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ താൻ കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്യുമെന്ന തരത്തിൽ ജോഷിയുടെ പേരിൽ വ്യാജ പോസ്റ്ററുകളും പ്രചരിച്ചിരുന്നു.
അനുനയ നീക്കവുമായി ആർ.എസ്.എസ്
അതേസമയം, മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് നേതൃത്വം നടപടികൾ തുടങ്ങിയിട്ടുണ്ട്. മുതിർന്ന നേതാവ് എൽ.കെ.അദ്വാനിയുമായി ഇതിനോടകം തന്നെ ആർ.എസ്.എസ് ചർച്ച നടത്തിക്കഴിഞ്ഞു. നിലവിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള എം.പിമായ അദ്വാനിക്ക് പകരം ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായാണ് അവിടെ മത്സരിക്കുന്നത്. 2014 തിരഞ്ഞെടുപ്പിന് ശേഷം മോദിയും അമിത് ഷായും പാർട്ടിയിൽ പിടിമുറുക്കിയതോടെയാണ് ഒരുകാലത്ത് ബി.ജെ.പിയിലെ അതികായകനായ അദ്വാനിയുടെ അപ്രമാദിത്വം നശിച്ചത്. ഇതിന് പിന്നാലെ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹത്തെ പൂർണമായും തഴയുകയും ചെയ്‌തു.
അതേസമയം, അദ്വാനിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ കളിയാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വഡേര രംഗത്തെത്തി. ഇത്രയും വേണ്ടപ്പെട്ട ഒരു നേതാവിനെ ബി.ജെ.പി മറന്ന് പോയത് തെറ്റാണെന്ന് അദ്ദേഹം കളിയാക്കി. അദ്വാനിയെപ്പോലുള്ള നല്ല നേതാക്കന്മാരെ ഒരിക്കലും ബി.ജെ.പി മറക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.