priyanka-gandhi

കോഴിക്കോട്: വയനാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടാനെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് അനുഗമിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയുടെ ഉറക്കം കെടുത്തി തട്ടിൻപുറത്തെ അതിഥി. ബുധനാഴ്ച രാത്രിയിൽ കോഴിക്കോട് തങ്ങിയ പ്രിയങ്കാഗാന്ധിക്ക് വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിലാണ് താമസമൊരുക്കിയിരുന്നത്. രാത്രി രാഹുൽ ഗാന്ധിക്കും മറ്റ് മുതിർന്ന നേതാക്കൾക്കുമൊപ്പം തിരഞ്ഞെടുപ്പ് ചർച്ചകൾ നടത്തിയശേഷം പതിനൊന്നരയോടെയാണ് ഉറങ്ങാനായി പ്രിയങ്ക മുറിയിലെത്തിയത്.

എന്നാൽ പുലർച്ചെ രണ്ടരയോടെ മുറിയുടെ മുകളിലെ തട്ടിൻപുറത്ത് നിന്നുമുള്ള ശബ്ദം കേട്ട് പ്രിയങ്ക ഞെട്ടിയുണരുകയായിരുന്നു. തുടർന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ അവർ വിവരമറിയിച്ചു. പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത് തട്ടിൻപുറത്തെ സ്ഥിരതാമസക്കാരായ മരപ്പട്ടികളാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് നഗരത്തിലെ ഒരു ഹോട്ടൽ മുറിയിലേക്ക് പ്രിയങ്കയെ മാറ്റുവാൻ തീരുമാനിക്കുകയും വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ പൊലീസിന് നിർദേശവും ലഭിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ മരപ്പട്ടി ശല്യപ്പെടുത്തൽ അവസാനിപ്പിച്ചതിനെ തുടർന്ന് ഹോട്ടലിലേക്ക് പോകേണ്ട എന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു.