kollam

കൊല്ലം: തനിക്കെതിരായ പരനാറി പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങൾ വിലയിരുത്തുമെന്ന് കൊല്ലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയമായ നെറിയാണോ നെറികേടാണോ താൻ പ്രവർത്തിച്ചതെന്ന് വിധിയെഴുതേണ്ടത് ജനങ്ങളാണ്. കഴിഞ്ഞ ലോക് സഭാ തിര‌ഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്കെതിരെ ഇങ്ങനെയൊരു പരാമർശം നടത്തുമ്പോൾ അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നടത്തുന്ന ഇത്തരം പരാമർശങ്ങൾ എത്രമാത്രം യുക്തിസഹമാണെന്ന് അദ്ദേഹം സ്വയംവിമർശനപരമായി പരിശോധിക്കണം. നെറിയും നെറികേടും വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി വിജയൻ നൽകിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് പ്രേമചന്ദ്രന്റെ പ്രതികരണം.

ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ,​ ഞാൻ പറഞ്ഞതിൽ എന്താ തെറ്റുള്ളത്? എന്തായിരുന്നു സ്വീകരിച്ച നിലപാട്? ഇനിയിപ്പോൾ നാളെ എന്തു നിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ഞങ്ങളോട് സ്വീകരിച്ച ഒരു രീതിയില്ലേ. അതിനേക്കാൾ കടുത്ത രീതിയാണ് ഇപ്പോൾ നിൽക്കുന്ന യു.ഡി.എഫിനോട് കാണിക്കാൻ പോകുന്നത്. അതല്ലേ അവസ്ഥ. രാഷ്ട്രീയത്തിൽ നെറി വേണം. നെറി വളരെ പ്രധാനമാണ്. ആ നെറി കാണിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്.''