smrithi-irani

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്‌ക്കെതിരെ സ്‌മൃതി ഇറാനി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല രംഗത്തെത്തി. സ്‌മൃതി സിനിമയിലെ ക്ഷുഭിത നായകനായ അമിതാഭ് ബച്ചനെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ നായകന് പകരം വില്ലന്റെ അവസ്ഥയാകും അവസാനം സംഭവിക്കാൻ പോകുന്നതെന്നും,​ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്‌മൃതി അമേതിയിൽ വീണ്ടും പരാജയപ്പെടുമെന്ന് സുർജെവാല പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന പരാജയ ഭീതിയാണ് സ്‌മൃതിയെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നത്. അമേത്തിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ സ്‌മൃതിയെ പരാജയപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും തിരഞ്ഞെടുപ്പിലെ എതിരാളിയെന്ന നിലയിൽ അവരോട് ബഹുമാനമാണ് തങ്ങൾക്കുള്ളതെന്നും സുർജെവാല കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ സ്‌മൃതിയ്ക്ക് അവസരം നൽകുമെന്നും അതുകൊണ്ട് അവർക്ക് വിഷമിക്കേണ്ട കാര്യം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പരാജയത്തിനായുള്ള തയ്യാറെടുപ്പിലാണ് സ്‌മൃതി ഇറാനിയെന്നമായിരുന്നു സുർജെവാലയുടെ പരിഹാസം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അമേതി സന്ദർശിക്കാനെത്തിയ സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പിന്തുണച്ച ജനങ്ങളെ അവഗണിച്ചു കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഇത് അമേത്തിയിലെ ജനങ്ങൾക്ക് അപമാനമാണെന്നുമായിരുന്നു സ്മൃതിയുടെ പരാമർശം. ഇതിനെതിരെയാണ് പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.