swaraj

രാജ്യം നിർണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പൈങ്കിളി രാഷ്ട്രീയം കളിക്കുവാനാണ് കോൺഗ്രസ് താത്പര്യപ്പെടുന്നതെന്ന വിമർശനവുമായി സി.പി.എം എ.എൽ.എ എം. സ്വരാജ്. ഈ തിരഞ്ഞെടുപ്പിന്റെ മൗലികമായ പ്രശ്നം ആര് ഇന്ത്യ ഭരിക്കും എന്നതിനെക്കാലും ഇന്ത്യ ഇനിയും നില നിൽക്കുമോ എന്നുള്ളതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു. മതനിരപേക്ഷതയെ അംഗീകരിക്കാത്ത സംഘപരിവാർ കക്ഷികൾ അധികാരത്തിൽ തുടർന്നാൽ മതനിരപേക്ഷ രാജ്യമെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാവുമെന്നും. വർഗ്ഗീയ കലാപങ്ങളുടേയും വംശഹത്യകളുടെയും നാടായി ഇന്ത്യ മാറി ഇവിടെ വലിയൊരു ശ്മശാനമാവുമെന്നും അദ്ദേഹം കുറിക്കുന്നു.

കേരളത്തിൽ ബി.ജെ.പിക്ക് ദുർബലമായ ഒരു സ്ഥാനമാണ് ഉള്ളത്. തിരഞ്ഞെടുപ്പിന് മുൻപേ അവർ തോറ്റുകഴിഞ്ഞു. ഇവിടേയ്ക്കാണ് രാഹുൽ ഗാന്ധിയുടെ വലിപ്പം കാരണം അനായാസമായി ജയിച്ച് കയറാമെന്ന് കോൺഗ്രസ് കരുതുന്നത്. തിരഞ്ഞെടുപ്പിനെ നിസാരവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
പെട്രോളിയം ഉൽപന്നങ്ങളുടെ വില നിർണയാവകാശം കുത്തക കമ്പനികൾക്ക് അടിയറ വെച്ചതും ,
പാചകവാതകത്തിന്റെ അന്യായമായ വിലക്കയറ്റവും, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നയവും ,
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും, തൊഴിൽ രംഗത്തെ കരാർ തൊഴിൽ ഉൾപ്പെടെയുള്ള വഞ്ചനയും, തൊഴിലില്ലായ്മയും , രാജ്യത്തെ നടുക്കിയ അഴിമതികളും, നോട്ടു നിരോധനവും, ദളിത്ന്യൂനപക്ഷ വേട്ടയും , വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയവും , തീവ്രവർഗീയ അജണ്ടകളുമൊക്കെ ആഴത്തിൽ ചർച്ച ചെയ്യേണ്ട വേദിയാണ് തിരഞ്ഞെടുപ്പ്.

അവിടേയ്ക്ക് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയേയും കൊണ്ട് വന്ന് പൊള്ളയായ അപദാനങ്ങളുടേയും തനി പൈങ്കിളി വർത്തമാനങ്ങളുമുയർത്തി ചർച്ചാ വിഷയമാക്കുന്നതിനെയും എം.സ്വരാജ് വിമർശിക്കുന്നു. ഇത്തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങളേയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.