തൊടുപുഴ: വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് കാമുകിയുമായി നാടുചുറ്റിയ യുവാവിന് കിട്ടിയത് മുട്ടൻപണി. കാമുകിയുമായി ബൈക്കിൽ പോകുമ്പോൾ ഉണ്ടായ അപകടമാണ് പ്രണയനാടകത്തിന്റെ അന്തകനായത്. കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴ മൂലമറ്റം റോഡിൽ മുട്ടം എൻജിനീയറിംഗ് കോളേജിന് സമീപമാണ് അപകടമുണ്ടായത്. കളമശേരി സ്വദേശിനിയായ 28കാരനും വടക്കൻ പറവൂർ സ്വദേശിനിയായ 24കാരിയുമാണ് അപകടത്തിൽ പെട്ടത്. വാഗമണ്ണിലേക്കുള്ള യാത്രയ്‌ക്കിടെ ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യുവാവിന്റെ കള്ളി വെളിച്ചത്തായത്. യുവാവ് വിവാഹം കഴിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ പ്രണയ ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി തീർത്തുപറഞ്ഞു. വൈകിട്ട് അമ്മയും ബന്ധുക്കളും എത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടു പോയി.യുവാവിന്റെ ബന്ധുക്കളും ആശുപത്രിയിൽ എത്തി. മുട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇയാളെയും നാട്ടിലേക്ക് കൊണ്ട് പോയി. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുവതിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്.