വാഷിംഗ്‌ടൺ: അമേരിക്ക പാകിസ്ഥാന് കൈമാറിയ എഫ് - 16 യുദ്ധവിമാനങ്ങൾ എല്ലാം ഇപ്പോഴും സുരക്ഷിതമായുണ്ടെന്ന് യു.എസ് മാഗസിന്റെ വെളിപ്പെടുത്തൽ. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് കൊണ്ട് ഫോറിൻ പോളിസിയെന്ന യു.എസ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ഫെബ്രുവരി 27ന് വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തകർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണ് മാഗസിനിലെ റിപ്പോർട്ട്. പാകിസ്ഥാനുമായുള്ള ഡോഗ്ഫൈറ്റിനിടെ എഫ് - 16 വിമാനങ്ങളെ തകർക്കുന്നതിനിടെയാണ് ഇന്ത്യയുടെ മിഗ് വിമാനം തകർന്നതെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നും മാഗസിൽ ആരോപിക്കുന്നു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പിലാണ് അമേരിക്ക എഫ് -16 വിമാനങ്ങൾ പാകിസ്ഥാന് നൽകിയിട്ടുള്ളത്. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് എഫ് -16 ഉപയോഗിച്ചുവെന്നുള്ള റിപ്പോർട്ടുകളെ തുടർന്ന് അമേരിക്ക കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ സൈനികത്താവളം ആക്രമിക്കാൻ എഫ് -16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചില്ലെന്നും പകരം ചൈനീസ് നിർമ്മിതമായ ജെഎഫ് -17 ആണ് തങ്ങൾ ഉപയോഗിച്ചതെന്നുമാണ് പാക് സൈനിക വക്താവ് മേജർ ആസിഫ് ഗഫൂറിന്റെ വാദം. അതേസമയം, ഇന്ത്യയുടെ പക്കലുള്ള, വിമാനത്തിന്റെ ഘടകഭാഗമടക്കമുള്ള തെളിവുകൾ സ്ഥിരീകരിക്കുന്നത് എഫ് -16 വിമാനങ്ങൾ ദൗത്യത്തിൽ ഉണ്ടായിരുന്നെന്നാണ്. പാകിസ്ഥാൻ എഫ്-16 ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്‌ക്കു നൽകിയിരുന്നു. ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ ) എഫ്- 16 വിമാനത്തിൽ ഉപയോഗിക്കുന്നതാണ്. ഇതിന്റെ അവശിഷ്‌ടങ്ങൾ ഇന്ത്യൻ മണ്ണിൽ കണ്ടെത്തിയത്.
ഇത്തരത്തിലുള്ള വാദങ്ങൾ ശക്തമാകുന്നതിനിടെയാണ് തങ്ങൾ പാകിസ്ഥാന് കൈമാറിയ എഫ് - 16 വിമാനങ്ങളുടെ എണ്ണമെടുക്കാൻ അമേരിക്ക തീരുമാനിക്കുന്നത്. തുടർന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ പാകിസ്ഥാനിലെത്തി പരിശോധന നടത്തി റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ വാർത്തയെന്നാണ് മാഗസിന്റെ വാദം. ഇക്കാര്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, റഷ്യൻ നിർമ്മിത മിഗ് -21 ബൈസൺ ഉപയോഗിച്ചാണ് ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ എഫ്- 16 തകർത്തത്. അമേരിക്കയുടെ നാലാം തലമുറ യുദ്ധവിമാനമായ എഫ് -16നെ മിഗ് -21 തകർത്തത് പ്രതിരോധ വ്യാപാരരംഗത്ത് മുന്നിൽ നിൽക്കുന്ന അമേരിക്കയ്‌ക്ക് നാണക്കേടാണ്. ഇതാണ് പാകിസ്ഥാനെതിരെ നടപടി എടുക്കുന്നതിന് പകരം ഇക്കാര്യം മറച്ചുവയ്‌ക്കുന്നതിലേക്ക് അമേരിക്കയെ നയിച്ചതെന്നാണ് വിലയിരുത്തൽ.