കൊല്ലം: തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും കൊട്ടാരക്കരയിൽ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് അയവില്ല. ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി നിർവാഹക സമിതി അംഗവും പാർട്ടിയിൽ നിന്ന് രാജിവച്ചു. കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം കമ്മിറ്റികളിൽ ഒരു വിഭാഗം ഇപ്പോഴും തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് അകലം പാലിക്കുകയാണ്. ഡി.സി.സി ജനറൽ സെക്രട്ടറി ബ്രിജേഷ് എബ്രഹാം, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.ആർ.ബഷീർ എന്നിവരാണ് ഇന്നലെ പാർട്ടിയിൽ നിന്ന് രാജിവച്ചത്. മുൻപ് കേരളാ കോൺഗ്രസ് (ബി) യിൽ നിന്ന് കോൺഗ്രസിലെത്തിയ ഇരുവരും ഇവരോടൊപ്പമുണ്ടായിരുന്നവരും കേരളാ കോൺഗ്രസിലേക്ക് തന്നെ മടങ്ങാനാണ് തീരുമാനം.
നേരത്തേതന്നെ കൊടിക്കുന്നിൽ സുരേഷിനെതിരെ എ ഗ്രൂപ്പിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. പൊതുമദ്ധ്യത്തിൽ ഏറ്റുമുട്ടുന്ന ഘട്ടംവരെയെത്തി. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉമ്മൻചാണ്ടി ഇടപെട്ടതാണ് പ്രശ്നങ്ങൾക്ക് താത്കാലിക അയവുണ്ടാക്കിയത്. എന്നാൽ കൊടിക്കുന്നിൽ സുരേഷ് നേരിട്ട് അനുരഞ്ജന ചർച്ചകൾക്ക് തയ്യാറായില്ലെന്നാണ് എതിർത്ത് നിന്നവരുടെ പരാതി. ഫോണിൽ പോലും ബന്ധപ്പെടാൻ തയ്യാറാകാത്തതിന്റെ നീരസം പലരും പുറത്തുകാട്ടുകയും ചെയ്തു. തിരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണ രംഗത്തും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഒരു വിഭാഗം ഇപ്പോഴും അകലം പാലിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ പ്രകടമാകുമെന്നാണ് സൂചന. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനെ ഇറക്കി മാവേലിക്കര മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ ഊർജ്ജിത ശ്രമം. എൻ.ഡി.എയുടെ തഴവ സഹദേവനും പ്രചാരണ രംഗത്ത് ഉഷാറായിട്ടുണ്ട്.
പാർട്ടി നേതാക്കൾക്ക് വിലയില്ല: ബ്രിജേഷ് എബ്രഹാം
കൊടിക്കുന്നിൽ സുരേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തനമെന്ന് ബ്രിജേഷ് എബ്രഹാം കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരിക്കെയാണ് രണ്ട് സ്ഥാനങ്ങളും രാജിവച്ച് കോൺഗ്രസിലെത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറിയാക്കിയെങ്കിലും അതിന്റെ അംഗീകാരം ലഭിക്കാറില്ല. എം.പിയുടെ ഓഫീസിലെ സ്റ്റാഫാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാർട്ടി നേതാക്കൾക്ക് തീരെ വിലയില്ല. ഇവന്റ് മാനേജ്‌മെന്റ് രീതി അംഗീകരിക്കാൻ പറ്റാതെ വന്നതിനാൽ പാർട്ടി വിടാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും കെ.ബി.ഗണേശ് കുമാർ എം.എൽ.എയും പാർട്ടിയിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.