തൂത്തുക്കുടി: രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതോടെ തമിഴ്നാട്ടിൽ ബി.ജെ.പിയും സഖ്യകക്ഷികളും പൂജ്യത്തിലൊതുങ്ങുമെന്ന് ഉറപ്പായതായി കനിമൊഴി. മത്സരിക്കാൻ രാഹുൽ ദക്ഷിണേന്ത്യ തിരഞ്ഞെടുത്തത് നല്ല കാര്യമാണ്. വയനാട്ടിൽ അദ്ദേഹത്തിന് എല്ലാ വിജയാശംസകൾ നേരുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചരണക്കിനിടെ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു.
രാഹുലിനെ കേരളത്തിൽ സി.പി.എം എതിർക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ കനിമൊഴി പ്രതികരിച്ചില്ല.
# ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് എതിരാളി വിജയം ഈസിയാണോ?
ബി.ജെ.പി സ്ഥാനാർത്ഥി എതിരായി വന്നതിൽ എനിക്ക് സന്തോഷമാണുള്ളത്. ബി.ജെ..പിയോട് എല്ലാവർക്കും ദേഷ്യമാണുള്ളത്. യുവാക്കൾക്ക് തൊഴിൽ, കർഷകർക്ക് സഹായം തുടങ്ങി ബി.ജെ.പി കഴിഞ്ഞ തവണ അധികാരത്തിൽ ഏറിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. ഇവിടെത്ത അവരുടെ സ്ഥാനാർത്ഥി തമിഴിസൈ പറയുന്നത് വീണ്ടും അധികാരത്തിലെത്തിയാൽ അതെല്ലാം ചെയ്യുമെന്നാണ്. അഞ്ചു വർഷം ചെയ്യാത്ത കാര്യങ്ങൾ ഇനിയും അഞ്ചു വർഷം കിട്ടിയാൽ ചെയ്യുമെന്ന് പറയുന്നത് ജനത്തെ പറ്റിക്കാനാണ്. അത് ഇവിടത്തെ ജനത്തെ അങ്ങനെ പറ്റിക്കാൻ പറ്റില്ല. അവർ എനിക്ക് തന്നെ വോട്ടു ചെയ്യും.
# മോദിയുടെ നേട്ടങ്ങളാണ് ബി.ജെ.പി പ്രചരണായുധം ആക്കുന്നത്. നിങ്ങളോ?
നേട്ടമൊന്നും ഇല്ലല്ലോ. ഞങ്ങൾ കോട്ടങ്ങളെ തുറന്നു കാട്ടുകയാണ്. രാജ്യത്തിന് സുരക്ഷ നൽകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കാവൽക്കാരൻ എന്നു പറഞ്ഞിട്ട് സ്വന്തം നാട്ടിൽ നിൽക്കാതെ അന്യരാജ്യങ്ങളിലാണ് അദ്ദേഹം എപ്പോഴും. കർഷകരെ കാണാത്ത പ്രധാനമന്ത്രി വൻകിട കച്ചവടക്കാർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്.
# കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളുടെ മുന്നണിയാണല്ലോ ഇത്തവണ ഡി.എം.കെ ഉണ്ടാക്കിയിരിക്കുന്നത് അത് പ്രയോജനം ചെയ്യുമോ?
തീർച്ചയായും. മതത്തിന്റെ പേരിൽ ജനത്തെ വിഭജിച്ച് ഭരിക്കുന്ന നയമാണ് മോദിയുടേത്. അതിനെ എതിർക്കുന്ന സമത്വത്തിനു വേണ്ടി വാദിക്കുന്ന പാർട്ടികളാണ് ഞങ്ങളുടെ മുന്നണിയിലുള്ളത്.