ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനം തന്റെ ലക്ഷ്യമല്ലെന്നും, നരേന്ദ്രമോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കുന്നത് ബി.ജെ.പിയുടെ നയമല്ല. ലോക്സഭയിലേക്ക് കേരളത്തിൽ നിന്ന് കുറഞ്ഞത് നാല് ബി.ജെ.പി എം.പിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു.
'പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്കില്ല. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുത്. ഞങ്ങൾക്ക് ഏറെ വലുതാണ് ദേശീയത. അത് ഒരിക്കലും രാഷ്ട്രീയവിഷയമാകരുത്' ഗഡ്കരി പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തോട് യോജിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി. എല്ലാ കോൺഗ്രസുകാരെയും രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്ന് കുറഞ്ഞത് നാല് സീറ്റുകൾ എങ്കിലും ബി.ജെ.പിക്ക് നേടുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ശബരിമല തന്നെയാകും പ്രധാനവിഷയമായി ഉപയോഗിക്കുന്നത്. ഇത് കേരളത്തിൽ ബി.ജെ.പിയുടെ കരുത്ത് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം അത്രത്തോളമുണ്ട്. ഇത് വഴി ഞങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഗഡ്കരി വ്യക്തമാക്കി.