rahul-gandhi

ന്യൂഡൽഹി: തനിക്ക് വയനാട്ടിൽ മത്സരിക്കാൻ കഴിയുന്നത് ചരിത്ര നിയോഗമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും മതത്തിന്റെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലുമുള്ള ഹിംസയുടെ രാഷ്ട്രീയം പിഴുതെറിയണമെന്നും വോട്ടർമാർക്കുള്ള അഭ്യ‌ർത്ഥനയിൽ രാഹുൽ ഗാന്ധി പറയുന്നു.

ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമം ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടിയ കേരളവർമ പഴശിരാജയുടെ മണ്ണിൽ നിന്ന് തന്നെ തുടങ്ങാമെന്ന് വോട്ടർമാരോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. പ്രളയത്തിൽ നശിച്ചുപോയ വയനാടിനെ പുനർനിർമിക്കാൻ എക്കാലവും വയനാടിനൊപ്പമുണ്ടാകും. നിങ്ങൾ നൽകുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചു നൽകുമെന്നും അദ്ദേഹം അഭ്യർത്ഥനയിൽ പറയുന്നു.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതു കൊണ്ട് രണ്ടിടത്തും ജയിച്ചാലും വയനാട് മണ്ഡലം ഉപേക്ഷിക്കില്ലെന്ന സൂചനകൾ നൽകുന്നതാണ് അഭ്യർത്ഥനയിലെ വാചകങ്ങൾ. ഒരു രാഷ്ട്രീയ കക്ഷികളെയും പേരെടുത്ത് വിമർശിക്കുന്നില്ലെങ്കിലും ബി.ജെ.പിക്കെതിരെയും സി.പി.എമ്മിനെതിരെയുമുള്ള പരോക്ഷ വിമർശനങ്ങൾ വോട്ടർമാർക്ക് നൽകാനായി തയ്യാറാക്കിയ അഭ്യർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.