തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത് മങ്ങാട്ടുകോണം എന്ന സ്ഥലത്തെ ഒരു വീട്ടിന്റെ പുറക് വശത്ത് പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവക്ക് കാൾ എത്തി. കുറച്ച് തിരക്ക് കാരണം ഉച്ചയോടെയാണ് വാവ സ്ഥലത്ത് എത്തിയത്. അത് വരെ പാമ്പിനെ കണ്ട ഭാഗത്ത് ഒരാൾ കാവൽ നിൽക്കുന്നുണ്ടായിരുന്നു.
നിറയെ ഓലയും തൊണ്ടും കരിയിലയും കൂട്ടിയിട്ടിരിക്കുന്നതിന്റെ അടിയിലാണ് പത്തി വിടർത്തി നിന്ന മൂർഖനെ കണ്ടത്. എന്തായാലും വാവ ഓലയും തൊണ്ടും മാറ്റി തുടങ്ങി. കുറച്ച് മാറ്റിയപ്പോൾ തന്നെ മാളം കണ്ടു. മണ്ണ് ഇടിച്ച് മാറ്റിയപ്പോൾ തന്നെ മൂർഖൻ പുറത്ത് ചാടി. പെൺമൂർഖൻ, മുട്ടയിട്ട പാമ്പാണ്, ഈ സമയങ്ങളിൽ മൂർഖൻ പാമ്പുകൾ ഏറെ അപകടകാരികളാണ്....
തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ ചാത്തന്നൂരിനടുത്തുള്ള കൃഷിയിടത്തിലാണ് എത്തിയത്. ഇവിടെ ജോലി ചെയ്തുകൊണ്ടിരുന്ന പണിക്കാരാണ് പാമ്പിനെ കണ്ടത്. കരിയിലകൾക്കിടയിൽ ഒരു ശബ്ദം. നോക്കിയപ്പോൾ കരിയിലയുടെ നിറത്തിലുള്ള അണലി. പെട്ടന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് കിടപ്പ്. അശ്രദ്ധമായി കരിയിലകൾ ആരെങ്കിലും ചവിട്ടിയിരുന്നെങ്കിൽ കടി ഉറപ്പ്.
അണലികളുടെ വെനത്തെക്കുറിച്ചും അവയുടെ പല്ലുകളെ കുറിച്ചും വിശദമായി തന്നെ വാവ എല്ലാവർക്കും പറഞ്ഞു കൊടുത്തിട്ടാണ് അവിടെ നിന്ന് മടങ്ങിയത്. തുടർന്ന് തിരുവന്തപുരം മണ്ണന്തലയിലെ ഒരു വർക്ക് ഷോപ്പിലാണ് വാവ എത്തിയത്. ഇവിടെ തൊഴിലാളികൾ ഇഴഞ്ഞുപോയ ഒരു മൂർഖനെ ബക്കറ്റിന് അകത്താക്കി വച്ചിരിക്കുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.