ഈ സീസണിലെ ഐ.പി.എല്ലിലെ ഏറ്രവും വിവാദമായ സംഭവമായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ മങ്കാഡിംഗ് വിവാദം. കിംഗ്സ് ഇലവന്റെ ക്യാപ്ടനായ ആർ.അശ്വിൻ റോയൽസിന്റെ മികച്ച ഫോമിലുള്ള ബാറ്ര്‌സ്മാൻ ജോസ് ബട്ട്‌ലറെ മങ്കാഡിംഗിലൂടെ പുറത്താക്കിയതാണ് ക്രിക്കറ്ര് ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ആ വിക്കറ്ര് കളിയുടെ ഗതിതന്നെ തിരിക്കുകയും ചെയ്തതിനാൽ മങ്കാഡിംഗ് ഉയർത്തിയ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. സംഭവത്തിന് ശേഷം മൗനം പാലിച്ച ബട്ടലർ കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് വിശദമായി പ്രതികരിച്ചു. അശ്വിനും കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിനും നൽകിയ അഭിമുഖത്തിൽ തന്റെ ഭാഗം ന്യായീകരിച്ചതോടെ മങ്കാഡിംഗ് വീണ്ടും വാർത്തകളിൽ നിറഞ്ഞു.
അത് ശരിയല്ല:
ജോസ് ബട്ട്ലർ
ആ സമയത്ത് വലിയ നിരാശനായി. മികച്ച ഫോമിൽ നിൽക്കുന്ന സമയമായിരുന്നു. അശ്വിൻ പുറത്താക്കാൻ സ്വീകരിച്ച രീതി എനിക്കിഷ്ടപ്പെട്ടില്ല. എന്റെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു.ദൃശ്യങ്ങൾ നോക്കിയാൽ തന്നെ അശ്വിൻ ചെയ്തത് തെറ്രണെന്ന് മനസിലാകും. അയാൾ പന്ത് റിലീസ് ചെയ്യെണ്ട സമയത്ത് ഞാൻ ക്രീസിൽ തന്നെയുണ്ടായിരുന്നു. ഈ സംഭവം അതിനുശേഷം എന്റെ ഏകാഗ്രതയെ ബാധിച്ചു. തുടർന്നുള്ള മത്സരങ്ങളിൽ മങ്കാഡിംഗിലൂടെ പുറത്താകാതിരിക്കാൻ ഞാൻ വളരെ ശ്രദ്ധിച്ചു. ഈ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ വ്യക്തത വരുത്തണം.
പശ്ചാത്താപമില്ല:
അശ്വിൻ
ബട്ട്‌ലറെ മങ്കാഡിംഗിലൂടെ പുറത്താക്കിയ സംഭവത്തിൽ പശ്ചാത്താപമില്ല. ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് അത് ശരിയായിരുന്നോ തെറ്രാണോയെന്ന് ചിന്തിക്കാം. പക്ഷേ ഞാൻ വില്ലനാണെന്ന് അവർക്ക് പറയാൻ കഴിയില്ല.ബട്ട്‌ലർ ക്രീസിൽ നിന്ന് ഇറങ്ങാൻ ഞാൻ കാത്തു നിന്നൊന്നുമില്ല. അയാൾ ഇതിന് മുമ്പ് നാലഞ്ച് തവണ ബൗൾ ചെയ്യുന്നതിന് മുന്നേ ക്രീസ് വീട്ടിറങ്ങിയിരുന്നു. ഇത് നിയമമാണ്. വാണിംഗ് നൽകണം എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല. ക്രീസിൽ നിൽക്കുകയെന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.