തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്വന്തം ചേരിയിൽ തന്നെ നിൽക്കുന്ന സി.പി.എമ്മിനെതിരെ മത്സരിക്കുന്നത് ശരിയാണോ എന്നാണ് കുറച്ച് ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ശരിയല്ലെന്ന് കാട്ടി ഇടത് പാർട്ടികൾ ശക്തമായ ആരോപണങ്ങളുമായി രംഗത്തുണ്ട്. ബി.ജെ.പിയാണോ ഇടതുപക്ഷമാണോ തങ്ങളുടെ ശത്രുവെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പരാമർശം ഇടത് ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. താൻ സി.പി.എമ്മിനെതിരെ ഒന്നും മിണ്ടില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്‌താവന.
സി.പി.എം ശത്രുവല്ലെന്ന് രാഹുൽ
'എന്റെ മുഖ്യ ശത്രു ബി.ജെ.പിയാണ്. സി.പി.എമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സി.പി.എമ്മിനെതിരെ പറയില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ റോഡ് ഷോയ്‌ക്ക് ശേഷം രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മോദി ഭരണത്തിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എമ്മും ഇടപെടുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന ആരോപണത്തിന് അതേ നിലവാരത്തിൽ മറുപടിയില്ല. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം പൊരുതുകയാണെന്ന് എനിക്കറിയാം. ആ പോരാട്ടം തുടരും. വയനാട്ടിൽ താൻ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകാനാണ്. വടക്ക്, തെക്ക്, വടക്കുകിഴക്കൻ, കിഴക്ക് എന്ന വിവേചനം ഇന്ത്യയിലില്ല. ഓരോ പ്രദേശത്തിനും സംസ്‌കാരവും ഭാഷയുമുണ്ട്. എന്നാൽ മോദിയും ആർ.എസ്.എസും ദക്ഷിണേന്ത്യയെ ആക്രമിക്കുകയാണ്. തെക്കേ ഇന്ത്യയിലെ ജനങ്ങൾ, അവരുടെ ഭാഷ, സംസ്‌കാരം എന്നിവയെ അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനുമാണ് ഇവിടെ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശത്രു സി.പി.എം തന്നെ
അതേസമയം, തങ്ങളുടെ ശത്രു സി.പി.എം തന്നെയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങൾ. രാഹുൽ ഗാന്ധി സി.പി.എമ്മിനെതിരെ ഒന്നും പറയാനില്ല എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിനെതിരെ പറയാൻ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിക്ക് ഹാലിളകിയിരിക്കുകയാണ്. മതേതര സഖ്യത്തിന് തുരങ്കംവെച്ചത് സി.പി.എമ്മാണെന്നും ആരോപിച്ചു.
ആ സൗജന്യം വേണ്ടെന്ന് പിണറായി
സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ സൗജന്യം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. കേരളത്തിലെ 19 യു.ഡി.എഫ് സ്ഥാനാർത്ഥികളെപ്പോലെയാണ് രാഹുൽ ഗാന്ധിയെയും ഇടതുമുന്നണി കണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള വ്യക്തി അധിക്ഷേപങ്ങൾക്ക് മുതിരാതെ അദ്ദേഹത്തെ കേരളത്തിലെ ചില നേതാക്കൾ തെറ്റിദ്ധരിപ്പിച്ച് വയനാട്ടിൽ മത്സരിപ്പിക്കാൻ നിറുത്തിയതാണെന്ന ആരോപണം ഉന്നയിക്കാനാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ധാരണ. ഒപ്പം വയനാട്ടിൽ പാർട്ടി സംവിധാനങ്ങൾ പൂർണമായും ഉപയോഗിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി.സുനീറിന് വോട്ട് വർദ്ധിപ്പിക്കാനും സി.പി.എമ്മിൽ ധാരണയായിട്ടുണ്ട്.
എല്ലാം നാടകം, അവസരം മുതലെടുക്കാൻ ബി.ജെ.പി
അതേസമയം, കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ളത് സൗഹൃദ മത്സരമാണെന്നും ഇരുമുന്നണികളുടെയും ശത്രു തങ്ങളാണെന്നുമുള്ള അവകാശവാദവുമായി ബി.ജെ.പിയും രംഗത്തെത്തി. ഇരുചേരികളിൽ നിന്ന് മത്സരിക്കാതെ കോൺഗ്രസും സി.പി.എമ്മും ധാരണയിലെത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ജനങ്ങളെ വഞ്ചിക്കുന്ന ഈ നിലപാട് അവസാനിപ്പിക്കണമെന്നും ബി.ജെ.പി നേതൃത്വം ആവശ്യപ്പെടുന്നു. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ഒന്നാണെന്ന പ്രചാരണം നടത്തി വോട്ടുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമങ്ങൾ.