ലക്‌നൗ: ബലാകോട്ട് വ്യോമാക്രമണത്തെ ചോദ്യം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഭീകരവാദികളെ കൊന്നൊടുക്കിയ നടപടി ചിലരെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ അംറോഹയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കൾക്ക് തിരിച്ചടി നൽകിയപ്പോൾ രാജ്യത്തുള്ള ചിലർ കരയുകയാണ്. പാകിസ്ഥാന്റെ മുഖംമൂടി ലോകത്തിന് മുന്നിൽ വലിച്ച് കീറിയപ്പോൾ ചിലർ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനെ പറ്റി സംസാരിച്ച് തുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരിക്കൽ പോലും ഇന്ത്യ മറ്റുള്ളവർക്ക് മുന്നിൽ ലജ്ജിച്ച് തല കുനിക്കാൻ താൻ അനുവദിച്ചിട്ടില്ല. ശക്തമായ ഭരണകൂടം രാജ്യത്ത് ഉള്ളതുകൊണ്ടാണ് ഇത് സംഭവിച്ച്ത്. ലോകം മുഴുവൻ ആദരവോടെയാണ് ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നത്'. എന്തുകൊണ്ടാണ് ഇതെന്ന് അറിയോമോ? ആരാണ് ഇതിനു പിന്നിലെന്ന് അറിയുമോ? അദ്ദേഹം ചോദിച്ചു.
'പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല ഇതിന്റെയൊന്നും പിന്നിൽ. അത് നിങ്ങളാണ്, 125 കോടി ഇന്ത്യക്കാരാണ് ഇതിന്റെയെല്ലാം നേട്ടം അവകാശപ്പെട്ടവർ മോദി പറഞ്ഞു'. കോൺഗ്രസും, എസ്.പിയും, ബിഎസ്‌പിയും നിങ്ങളുടെ ഓരോരുത്തരുടെയും ഭാവി അപകടത്തിലാക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.