anandavalli-passes-away

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്‌ത ഡബ്ബിംഗ് ആർടിസ്‌റ്റ് ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംഗ് ആർടിസ്‌റ്റിനുള്ള പുരസ്‌ക്കാരം ലഭിച്ച ആനന്ദവല്ലി 3000ത്തോളം സിനിമകളിൽ ശബ്‌ദം നൽകിയിട്ടുണ്ട്. 1992ൽ ആധാരം എന്ന സിനിമയ്‌ക്ക് ശബ്‌ദം നൽകിയതിനാണ് പുരസ്‌ക്കാരം ലഭിച്ചത്. മേനക, ഗീത, സുഹാസിനി, പൂർണിമാ ജയറാം, ശാന്തികൃഷ്‌ണ, ജയപ്രദ, സുമതല തുടങ്ങിയ നിരവധി നടിമാർക്ക് ശബ്‌ദം നൽകിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.

കേരളത്തിലെ കൊല്ലം ജില്ലയിൽ വെളിയം താലൂക്കിലാണ് ആനന്ദവല്ലി ജനിച്ചത്. വെളിയം കൈയെല സ്‌കൂളിലായിരുന്നു ആദ്യകാലവിദ്യാഭ്യാസം. അവിടെ സ്‌കൂൾ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. കഥാപ്രസംഗവും അവതരിപ്പിച്ചിരുന്നു. കൗമാരപ്രായത്തിൽ തന്നെ ആനന്ദവല്ലി നാടകങ്ങൾക്കായി പാടാൻ തുടങ്ങി. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ദേശാഭിമാനി തീയേറ്റേഴ്സ് ആറ്റിങ്ങൽ, കേരള തീയറ്റേഴ്സ് കോട്ടയം, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിവയുടെ നാടകവേദിയിൽ അഭിനയിച്ചു തുടങ്ങി. 'കടു' എന്ന ചിത്രത്തിലൂടെയാണ് ആനന്ദവല്ലി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. പൂർണ സമയ ഡബ്ബിംഗ് ആർട്ടിസ്‌റ്റാകുന്നത് വരെ അവർ മലയാളചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു. 1973ൽ ദേവി കന്യാകുമാരി എന്ന ചിത്രത്തിൽ നടി രാജശ്രീക്ക് ശബ്‌ദം നൽകികൊണ്ട് ഒരു ഡബ്ബിംഗ് ആർട്ടിസ്‌റ്റായി അരങ്ങേറ്റം ചെയ്തു.

മഴത്തുള്ളി കിലുക്കം എന്ന സിനിമയിൽ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയിൽ ഡബ്ബ് ചെയ്തത്‌.