ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യൻ മിഷേലിന്റെ ഡയറിയിലുള്ള പേരുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. എ.പി എന്ന പേരിൽ അറിയപ്പെടുന്നത് അഹമ്മദ് പട്ടേൽ ആണെന്നും എൻഫോഴ്സ്ന്റ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
എ.പി, എഫ്എഎം എന്നീ പരാമർശങ്ങൾ അഹമ്മദ് പട്ടേലിനെയും നെഹ്റു കുടുംബത്തെയും സൂചിപ്പിക്കന്നതാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ ഇടപാടിനായി രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും കോഴ നൽകിയെന്ന് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ സമ്മതിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഡൽഹി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമത്തിനു (പി.എം.എൽ.എ) കീഴിലാണ് പുതിയ ചാർജ്ഷീറ്റ് ഫയൽ ചെയ്തിരിക്കുന്നത്. ഇടപാടിൽ തടസ്സം നേരിട്ടപ്പോൾ പ്രതിരോധ ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ, ഭരണകക്ഷിയിലെ പ്രധാനികൾ ഉൾപ്പെടെ നിരവധി പേർക്ക് പണം നൽകിയിട്ടുണ്ടെന്നും ഇടനിലക്കാരായ മിഷേലും ഗൈഡോ ഹാഷ്കെയും വഴി ഇടപാടു തുകയുടെ 12% ആണ് കൈക്കൂലിയായി നൽകിയതെന്നും 70 ദശലക്ഷം യൂറോ ചെലവഴിച്ചെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.
ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിൽ 3000 പേജുകളുണ്ട്. അതേസമയം, പട്ടേലിനെതിരെ ഇതുവരെ കുറ്റപത്രം ഫയൽ ചെയ്തിട്ടില്ല. കുറ്റപത്രത്തിൽ മറ്റൊരു പ്രതിയായ രാജീവ് സക്സേനയുടെ മൊഴിയിൽ എ.പി എന്നത് അഹമ്മദ് പട്ടേലാണെന്നു പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമശങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേൽ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം ബി.ജെ.പി എൻഫോഴ്സ്മെന്റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു.
കുറ്റപത്രം ചോർന്നതിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ക്രിസ്റ്റ്യൻ മിഷേൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കോടതി നോട്ടീസ് അയച്ചു. ഇതിനെ സംബന്ധിച്ച് ശനിയാഴ്ച മറുപടി നൽകണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടു.