mera-naam-shaji-movie-rev

സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്നവരെ ആദ്യാവസാനം ചിരിപ്പിക്കുക-അതാണ് നാദിർഷായുടെ രീതി. അദ്യ രണ്ട് സിനിമകളിലും ഇതേ ഫോർമുല ഉപയോഗിച്ച് വിജയം കണ്ട അദ്ദേഹം മൂന്നാം സിനിമയിലും പതിവ് തെറ്റിച്ചില്ല. യുക്തി തിയേറ്ററിന് പുറത്ത് വച്ച് രണ്ടര മണിക്കൂറോളം ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 'മേരാ നാം ഷാജി' രസകരമായ അനുഭവമായേക്കും.

mera-naam-shaji-movie-rev

കേരളത്തിന്റെ മൂന്ന് കോണുകളിൽ താമസിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. ആസിഫ് അലി അവതരിപ്പിക്കുന്ന ഷാജി ജോർജ് കൊച്ചിയിലെ ലോക ഉടായിപ്പ്, ബിജു മേനോന്റെ ഷാജി ഉസ്മാൻ കോഴിക്കോടൻ ഗുണ്ടയാണ്. ബൈജുവിന്റെ തിരുവനന്തപുരത്തുകാരൻ ഷാജി സുകുമാരൻ നല്ല മനസുള്ള ഒരു ടാക്സി ഡ്രൈവറാണ്. പല തരത്തിലുള്ള പല നാടുകളിലുള്ള മൂന്ന് ഷാജിമാർ രസകരമായ സന്ദർഭങ്ങളിൽ മൂവരുടെയും ജീവിതത്തിൽ നിർണായക കണ്ണികളാകുന്നു. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കഥയ്ക്ക് ഒന്നും വലിയ പ്രാധാന്യം നൽകാതെ പ്രേക്ഷകനെ ചിരിപ്പിക്കാനാണ് നാദിർഷായുടെ ശ്രമം. കോമഡി തന്നെയാണ് പടത്തിന്റെ ഹീറോ. ധർമ്മജ്ജനും നായകന്മാരുടെ ഒപ്പം നന്നായി സ്കോർ ചെയ്യുന്നുണ്ട്. അവധിക്കാലത്ത് കുടുംബങ്ങളെയും സാധാരണ സിനിമാ പ്രേക്ഷകരെയും ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമാ തട്ടിയും മുട്ടിയും ലക്ഷ്യത്തിലേക്ക് എത്തിയിട്ടുണ്ട്. നാദിർഷായുടെ മൂന്ന് സിനിമകൾ എടുത്താൽ മേരാ നാം ഷാജി മൂന്നാം സ്ഥാനത്താണ്. ഈ സിനിമ ഒരു ടോട്ടൽ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. അൽപം പ്രണയവും ഫൈറ്റും പാട്ടുമൊക്കെ കോമഡിക്ക് അകമ്പടി സേവിക്കുന്നുണ്ട്.

mera-naam-shaji-movie-rev

ആസിഫ് അലി,​ ബിജു മേനോൻ,​ ബൈജു സന്തോഷ്-മേരാ നാം ഷാജിയിലെ ഷാജിമാർ. എല്ലാവരും റോൾ നന്നാക്കിയിട്ടുണ്ട്. നായികാപ്രാധാന്യം തീരെയില്ലാത്ത പടത്തിൽ നിഖില വിമൽ തന്റെ കഥാപാത്രം തരക്കേടില്ലാതെ അവതരിപ്പിച്ചു. ധർമ്മജൻ, ശ്രീനിവാസൻ തുടങ്ങിയവർ പ്രേക്ഷകരുടെ കൈയ്യടി നേടി.

വിനോദ് ഇളംപളളിയുടെ കാമറ ഷോട്ടുകൾ ഒരു കളർഫുൾ എന്റർറ്റെയിനറിന് ഉതകും വിധമാണ്.

mera-naam-shaji-movie-rev



നാദിർഷാ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്-ആദ്യം മിമിക്രി,​ പിന്നെ അഭിനയം,​ ഇപ്പോഴിതാ ഹിറ്റ് സിനിമകളുടെ സംവിധായകൻ. അമർ അക്ബർ അന്തോണി എന്ന് സൂപ്പർഹിറ്റ് സിനിമ സംവിധാനം ചെയ്ത് കൊണ്ട് വരവറിയിച്ച നാദിർഷാ രണ്ടാമതായി സംവിധാനം നിർവ്വഹിച്ച കട്ടപ്പനയിലെ ഹൃതിക് റോഷനും ബോക്സോഫീസിൽ പണം വാരി. മലയാളികളെ എന്നും ചിരിപ്പിക്കാൻ ശ്രമിച്ച നാദിർഷാ സംവിധാന രംഗത്തേക്ക് ചുവട് വച്ചപ്പോഴും പതിവ് തെറ്റിച്ചില്ല. മൂന്നാം സിനിമയായ മേരാ നാം ഷാജിയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് മറ്റൊരു ചിരിയുത്സവമാണ്.

വാൽക്കഷണം: നാദിർഷായ്ക്ക് ഇപ്പോഴും പൾസറിയാം
റേറ്റിംഗ്: 3/5