പൂനെ: താങ്കളുടെ ജീവചരിത്രം സിനിമയാക്കുകയാണെങ്കിൽ അതിൽ ആരായിരിക്കും നായിക? ചോദ്യം പൂനെയിലെ വിദ്യാർത്ഥികളുടേതാണ്. ലക്ഷ്യമിട്ടത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും. പക്ഷേ, ഒട്ടും താമസിച്ചില്ല ഉത്തരം പറയാൻ. '' ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ജോലിയെയാണ്". രാഷ്ട്രീയ നേതാക്കളുടെ ജീവിതം സിനിമയാക്കുന്നത് സ്ഥിരമായതോടെയാണ് രാഹുൽ എക്കാലവും നേരിട്ടിട്ടുള്ള ഈ ചോദ്യം ആവർത്തിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം മാദ്ധ്യമപ്രവർത്തകർ എപ്പോഴാണ് താങ്കൾ കല്യാണം കഴിക്കുന്നതെന്ന് ചേദിച്ചപ്പോൾ
'' ഞാൻ കോൺഗ്രസ് പാർട്ടിയെയാണ് കല്യാണം കഴിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. " തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജ്യത്തെ യുവതലമുറയുമായി സംവദിക്കുന്നതിന്റെ ഭാഗമായിരുന്നു പുനെയിലെ പരിപാടി.
"അനുഭവങ്ങളിൽ നിന്നാണ് ധൈര്യം വരുന്നത്. ഞാൻ നേരിട്ടതും സ്വീകരിക്കപ്പെട്ടതുമായ എല്ലാ കാര്യങ്ങളിൽ നിന്നും. നിങ്ങൾ സത്യം സ്വീകരിച്ചാൽ നിങ്ങൾക്ക് ധൈര്യമുണ്ട്. നിങ്ങൾ ഒരു നുണയാണ് സ്വീകരിക്കുന്നതെങ്കിൽ നിങ്ങളിൽ ഭയമുണ്ട്".രാഹുൽ വ്യക്തമാക്കി. തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ആരാണെന്ന ചോദ്യത്തിനും ഉത്തരം ഉടൻ റെഡി' പ്രിയങ്ക".