f16

വാഷിംഗ്ടൺ: ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഡോഗ്ഫൈറ്റിൽ പാക് യുദ്ധവിമാനമായ എഫ്-16 തകർത്തുവെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്കൻ മാഗസിനായ ഫോറിൻ പോളിസിയുടെ റിപ്പോർട്ട്. അമേരിക്ക പാകിസ്ഥാന് കൈമാറിയ എഫ്-16 വിമാനങ്ങളിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാം പാകിസ്ഥാനിൽതന്നെയുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, പാകിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടില്ലെന്ന അമേരിക്കൻ വാദം ഇന്ത്യൻ വ്യോമസേന തള്ളി. ഫെബ്രുവരി 27 ന് യുദ്ധവിമാനം ഇന്ത്യ ആക്രമിച്ചതായും വിമാനം തിരികെ പാക് എയർബേസിൽ എത്തിയില്ലെന്നുമുള്ള പാകിസ്ഥാൻ വ്യോമസേനയുടെ റേഡിയോ സന്ദേശങ്ങൾ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. അഭിനന്ദൻ വർദ്ധമാൻ എഫ്-16 വിമാനം വെടിവച്ചിട്ടതിന് ഇലക്ട്രോണിക്, റഡാർ തെളിവുകൾ ഉണ്ടെന്നും വ്യോമസേന വ്യക്തമാക്കി.

ഫെബ്രുവരി 27ന് നടന്ന ഡോഗ്ഫൈറ്റിൽ ഇന്ത്യയുടെ യുദ്ധവിമാനമായ മിഗ് 21 ബൈസൺ ഉപയോഗിച്ച് എഫ്-16നെ തകർത്തുവെന്നായിരുന്നു ഇന്ത്യൻ വ്യോമസേന നേരത്തെ വ്യക്തമാക്കിയിരുന്നത്. ഈ ആക്രമണത്തിലാണ് ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് പിടിയിലായതും.

ആക്രമണത്തിന് ശേഷം,​ 28ന് പാകിസ്ഥാന്റെ എഫ്-16 നിന്ന് നിക്ഷേപിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമ്മിത എഫ്-16 തകർത്തുവെന്ന് വിശദീകരിച്ചത്. എന്നാൽ,​ ആദ്യംമുതൽ തന്നെ പാകിസ്ഥാൻ ഇത് നിഷേധിക്കുകയായിരുന്നു.