ആദ്യം എത്തുന്നത് 100 പേർ
തിങ്കളാഴ്ച വാഗാ അതിർത്തിയിൽ കൈമാറും
ഇസ്ലാമബാദ്: പാക് ജയിലുകളിൽ നിന്ന് 360 ഇന്ത്യൻ തടവുകാരെ വിട്ടയയ്ക്കാൻ തീരുമാനമായി. ആദ്യഘട്ടമായി 100 പേരെ നാളെ വിട്ടയയ്ക്കും. തിങ്കളാഴ്ച വാഗാ അതിർത്തിയിൽ ഇവരെ ഇന്ത്യയ്ക്ക് കൈമാറും. ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെയാണ് വിട്ടയയ്‌ക്കുന്നത്. ഈ മാസം 15ന് 100 പേരെ കൂടി വിട്ടയയ്‌ക്കും. 22ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെയും 29ന് അവസാനത്തെ 60 പേരെയും വിട്ടയയ്‌ക്കും.
537 ഇന്ത്യൻ തടവുകാർ പാക് ജയിലുകളിലുണ്ട്. ഇതിൽ 483 പേർ മത്സ്യബന്ധന തൊഴിലാളികളും 54 സാധാരണക്കാരുമാണ്. 347 പാകിസ്ഥാൻ തടവുകാർ ഇന്ത്യൻ ജയിലുകളിലുണ്ടെന്നും പാകിസ്ഥാന്റെ നല്ല സന്ദേശം കണക്കിലെടുത്ത് ഇന്ത്യ അവരെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ വക്താവ് പറഞ്ഞു. ഈ മാസം 15,16 തിയതികളിൽ ഇതുസംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് 2010 സെപ്തംബറിലാണ് ഇത്രയധികം ആളുകളെ പാകിസ്ഥാൻ വിട്ടയയ്ക്കുന്നത്. അന്ന് സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ 442 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാകിസ്ഥാൻ വിട്ടയച്ചത്.