crime

തൃശൂർ: രണ്ടുമൂന്നുവർഷം കൂടെ കൊണ്ടുനടന്ന ഒരു പെൺകുട്ടിക്ക് മറ്റൊരു പയ്യനുമായി പ്രണയമുണ്ടെന്ന് മനസിലായതാണ് കാമുകൻ നിതീഷിനെ പ്രകോപിച്ചതെന്ന് പൊലീസ് മാതാപിതാക്കളോട് പറഞ്ഞതായി സൂചന. മറ്റൊരാളുമായി പ്രണയമുണ്ടെന്ന കാര്യം തെളിവുസഹിതം കണ്ടുപിടിച്ച് പെൺകുട്ടിയോട് ചോദിച്ചു. അവൾ ഇക്കാര്യം നിഷേധിക്കുന്നതിന് പകരം തർക്കുന്നതരം പറഞ്ഞതാണ് പെട്ടെന്ന് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

വിവാഹം ഇപ്പോൾ കഴിക്കാൻ കഴിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. ബി.ടെക് പഠനം ഒരു വർഷം കൂടിയുണ്ട്. അതുകഴിഞ്ഞ് വിദേശത്ത് ഒരു വർഷം പഠിക്കണം എന്നൊക്കെ അടുത്തിടെ പെൺകുട്ടി നിതീഷിനോട് പറഞ്ഞിരുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ പറയാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നതിന് നിതീഷിന് തെളിവ് ലഭിച്ചത്.ഇക്കാര്യം ചോദ്യം ചെയ്യാനാണ് താൻ അതിരാവിലെ വീട്ടിലെത്തിയതെന്ന് നിതീഷ് സമ്മതിച്ചുവെന്ന് രാത്രി നിതീഷിനെ കാണാനെത്തിയ മാതാപിതാക്കളോട് പൊലീസ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കുശേഷം സംഭവിച്ചത്

കഴിഞ്ഞമാസം നിതീഷിന് എറണാകുളത്തുള്ള ആശുപത്രിയിൽ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ട്രീറ്റ്‌മെന്റ് ചെയ്ത ഡോക്ടർ ദുബായിലാണ്. അടുത്ത സർജറി ആഗസ്റ്റിലാണ്. ഹൈ ടെൻഷൻ കാരണം തലയിലെ ഞെരമ്പുകളിൽ ചിലതിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ്. ഇതുമൂലം വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തുവരും. അച്ഛന് രണ്ടുതവണ അറ്റാക്ക് കഴിഞ്ഞതിനാൽ വീട്ടിൽ അവൻ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി ചേർന്ന് തനിയെ ആണ് അവൻ സർജറി നടത്തിയത്. എന്തോ ക്‌ളാസ് അറ്റൻഡ് ചെയ്യാനാണെന്ന് പറഞ്ഞിട്ടാണ് എന്റെ കൈയിൽ നിന്ന് അവൻ പണം വാങ്ങിയത്. ശസ്ത്രക്രിയക്കുശേഷം അവന് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്.

ഞാനിപ്പോഴും എന്റെ മോളുടെ പക്ഷത്താണ്. എന്താണ് വിവാഹ അഭ്യർത്ഥന നിരസിക്കാനുള്ള കാരണം എന്നെനിക്കറിയില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ മോളുടെ അമ്മാവൻമാരുടെ കാലു പിടിച്ചതാണ് ഞാൻ. അവനൊരു ടെൻഷൻ ഉണ്ടായിരുന്നു അവൾ നഷ്ടപ്പെടുമോയെന്ന്. അവർ ഹൈക്ലാസ് ഫാമിലിയാണ്. ഞങ്ങൾ മിഡിൽ ക്‌ളാസും. സ്വാഭാവികമായും ഒരു ചെറുപ്പക്കാരൻ അങ്ങനെ ചിന്തിക്കുമല്ലോ. എം.ബി.എയ്ക്കുശേഷം അമേരിക്കൻ ഐ.ടി കമ്പനിയിൽ സീനിയർ പ്രൊഫസറായി കഴിഞ്ഞ നവംബറിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

ഇന്നലെ പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് അവനെ നോക്കിയപ്പോൾ കാണാനുണ്ടായിരുന്നില്ല. വിളിച്ചുനോക്കിയപ്പോൾ നെറ്റ് വർക്കിന് പുറത്താണെന്ന് മനസിലായി. അവനങ്ങനെ ഒരു ക്രിമിനൽ സ്വഭാവമുള്ള മോനല്ല. പിന്നെന്തുപറ്റിയെന്ന്...വാക്കുകൾ പൂർത്തിയാക്കാനാവാതെ അമ്മ പിന്നെയും വിതുമ്പി.