news

1. പ്രശ്സത ഡബിംഗ് ആര്‍ട്ടിസ്റ്റും അഭിനേയത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. 67 വയസായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍. 3000ത്തോളം സിനിമകളില്‍ ശബ്ദം നല്‍കി കലാകാരിയായിരുന്നു ആനന്ദവല്ലി. 1973ല്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തിലൂടെ നടി രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചത്.

2. 1992ല്‍ ആധാരം എന്ന് സിനിമയ്ക്ക് ശബ്ദം നല്‍കി മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചു. ആനന്ദവല്ലിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചം രേഖപ്പെടുത്തി. ശബ്ദ വൈവിധ്യം കൊണ്ട് തന്റേതായ സ്ഥാനം നേടി വ്യക്തിയായിരുന്നു ആനന്ദവല്ലി എന്ന് മുഖ്യമന്ത്രി

3. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ കൊണ്ട് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അവസ്ഥ മോശമാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചതായി ഡോക്ടര്‍മാര്‍. നിലവില്‍ നല്‍കുന്ന ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. കുട്ടിയുടെ ജീവന്‍ ഇപ്പോഴും നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

4. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ട എന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ തീരുമാനം. അതിക്രൂരമായി മര്‍ദ്ദനമേറ്റ ഏഴ് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ വ്യാഴാഴ്ച.

5. സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡാമുകളില്‍ നിന്ന് തുറന്ന് വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കേരള സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ഡാമുകളില്‍ നിന്ന് തുറന്ന് വിട്ട വെള്ളത്തിന്റെ കണക്ക് കാണിച്ച് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഈ കണക്കുകളില്‍ വലിയ വ്യത്യാസമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും പ്രതികരണം

6. മഹാപ്രളയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആണെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിന് ശക്ത കൂട്ടുന്നത് ആയിരുന്നു പ്രളയക്കാലത്ത് ഡാമുകള്‍ തുറന്ന് വിട്ടതില്‍ പാളിച്ച സംഭവിച്ചെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് റിപ്പോര്‍ട്ടിനെ പാടെ തള്ളി കൊണ്ട്. ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നും സര്‍ക്കാര്‍ വാദം

7. ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് വിട്ട് സുപ്രീംകോടതി. ശിക്ഷ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കും എന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുടെ ഉത്തരവ്, ബി.സി.സി.ഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെ. ശിക്ഷാ കാലാവധി മൂന്ന് മാസത്തിനുള്ളില്‍ നിശ്ചയിക്കണമെന്നും ഓംബുഡ്സ്മാന് സുപ്രീം കോടതിയുടെ നിര്‍ദേശം.

8. ശ്രീശാന്തിന്റെ ഭാഗം കൂടി കേട്ടു വേണം ശിക്ഷ തീരുമാനിക്കാന്‍ എന്നും ബെഞ്ച്. സുപ്രീംകോടതിയുടെ തീരുമാനം, ഒത്തുകളി ആരോപണത്തില്‍ ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം റദ്ദാക്കിയതിന് പിന്നാലെ. 2013 ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും കളിക്കാന്‍ വിലക്ക ഏര്‍പ്പെടുത്തിയിരുന്നു.

9. മുസ്ലീം ലീഗ് വൈറസ് എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. യോഗിക്ക് അറിവില്ലായ്‌മെന്ന് വിമര്‍ശനം. എന്‍.ഡി.എയിലും പച്ചക്കൊടി പിടിക്കുന്ന പാര്‍ട്ടികള്‍ ഉണ്ട്. ലീഗ് മതേതര പാര്‍ട്ടിയാണ്. ലിഗീന് എതിരായ യോഗിയുടെ പരാമര്‍ശം യോഗിയെ തന്നെ തിരിഞ്ഞ് കുത്തുമെന്നും കുഞ്ഞാലിക്കുട്ടി

10. കോണ്‍ഗ്രസിനെ ആക്രമിച്ച് കീഴടക്കിയ വൈറസാണ് മുസ്ലീം ലീഗ്. ഈ വൈറസില്‍ രാജ്യം വിഭജിക്കപ്പെടും. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരും എന്നും ആയിരുന്നു യോഗിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന് വര്‍ഗീയ മുഖം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ട് ബി.ജെ.പി നേരത്തെയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു

11. അതിനിടെ, വയനാട്ടില്‍ മത്സരിക്കുന്നത് ചരിത്ര നിയോഗമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യാഭിമാനവും സ്‌നേഹവും കൊണ്ട് കേരളം മാതൃക കാട്ടി. വയനാടിനെ ഹൃദയത്തോട് ചേര്‍ത്ത് നിറത്തും. പ്രളയം നശിപ്പിച്ച വയനാടിനെ പുനര്‍ നിര്‍മ്മിക്കും എന്നും സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥനയില്‍ രാഹുല്‍.

12. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് സ്പീക്കര്‍. ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടെന്നും പ്രതികരണം. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് അയച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസം വ്യക്തമാക്കണം എന്ന് കത്തില്‍ ആവശ്യം. ഇന്‍ഡോറില്‍ നിന്നുള്ള സിറ്റിംഗ് എം.പി കൂടിയായ സുമിത്ര മഹാജന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു.