ship

കൊച്ചി: ആഗോള ക്രൂസ് ടൂറിസത്തിൽ ഇന്ത്യയുടെ വിഹിതത്തിൽ ദൃശ്യമാകുന്നത് മികച്ച ഉണർവ്. നിലവിൽ, ക്രൂസ് സഞ്ചാരികളിൽ 1.2 ശതമാനമാണ് (1.60 ലക്ഷം പേർ) ഇന്ത്യക്കാർ. 2025ഓടെ ഇത് 12 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്രാലിയൻ ക്രൂസ് ലൈനർമാരായ കോസ്‌റ്റ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയും ലോട്ടസ് ഡെസ്‌റ്രിനേഷൻസിന്റെ മാനേജിംഗ് ഡയറക്‌ടറുമായ നളിനി ഉദയ് ഗുപ്‌ത പറഞ്ഞു.

2016ലെ 1.20 ലക്ഷത്തിൽ നിന്നാണ് ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞവർഷം 1.60 ലക്ഷമായി ഉയർന്നത്. 2018ൽ ആഗോളതലത്തിൽ ക്രൂസ് സ‌ഞ്ചാരികൾ 2.80 കോടിയായിരുന്നു. ഈവർഷം ഇത് മൂന്നു കോടിയിലേക്കും 2025ഓടെ നാല് കോടിയിലേക്കും ഉയരുമെന്നാണ് വിലയിരുത്തൽ. 2018ൽ 150ഓളം ആഡംബര കപ്പലുകൾ വിദേശ സഞ്ചാരികളുമായി ഇന്ത്യയിലെത്തി. 2025ഓടെ, ഇത് 900-1,000 കപ്പലുകളായി ഉയർത്താൻ

കൊച്ചി, ഗോവ, മുംബയ്, ന്യൂ മംഗളൂരു, ചെന്നൈ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്.

കൊച്ചിയിൽ പുതിയ ക്രൂസ് ടെർമിനൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഇന്ത്യൻ തുറമുഖങ്ങൾ തമ്മിലെ ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ കബോട്ടാഷ് നിയമത്തിൽ 2025വരെ കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശ കപ്പലുകളെ ഇന്ത്യൻ തീരങ്ങൾ കേന്ദ്രീകരിച്ച് സർവീസ് നടത്താൻ അനുവദിക്കുന്ന നിയമമാണിത്. ലോകത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ കപ്പൽപ്പാത ഇന്ത്യയോട് ചേർന്നാണ്. മികച്ച അടിസ്ഥാന സൗകര്യം ഓരുക്കുന്നതിനൊപ്പം ജി.എസ്.ടി., കസ്‌റ്രംസ് തീരുവ എന്നിവയും ഉപഭോക്തൃ സൗഹൃദമാക്കിയാൽ ക്രൂസ് ടൂറിസത്തിൽ മുന്നേറാൻ ഇന്ത്യയ്ക്കാകുമെന്നും അവർ പറഞ്ഞു.

കൊച്ചിയെ പുണർന്ന് കോസ്‌റ്റ വെനേസിയ

ഇറ്രലി ആസ്ഥാനമായുള്ള കോസ്‌റ്റ ക്രൂസ് ഗ്രൂപ്പിന്റെ രണ്ട് ആഡംബര കപ്പലുകൾ ഇന്നലെ കൊച്ചിയിലെത്തി. കോസ്‌റ്റ ലുമിനോസയും കോസ്‌റ്റ വേനേസിയയും. ലുമിനോസയിൽ 2,000 പേരും വെനേസിയയിൽ 3,738 യാത്രികരുമാണ് ഉണ്ടായിരുന്നത്. വെനേസിയയിലെ യാത്രികരിൽ 2,497 പേരാണ് ടൂറിസ്‌റ്റുകൾ. ബാക്കി ജീവനക്കാരാണ്. ഇതിൽ, 60ഓളം മലയാളികളുമുണ്ട്.

ഇറ്റലിയിൽ നിന്ന് ദുബായ്, മസ്‌കറ്ര്, ഗോവയിലെ മൊർമുഗാവ് തുറമുഖങ്ങൾ വഴിയാണ് കപ്പലെത്തിയത്. വൈകിട്ട് കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട കപ്പൽ മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ചൈന വഴി ജപ്പാനിൽ യാത്ര അവസാനിപ്പിക്കും. തുടർന്ന്, ചൈനയിലെ ഷാങ്‌ഹായ് കേന്ദ്രമാക്കി പുതിയ സർവീസുകൾക്ക് തുടക്കമിടും. 20 നിലകളുള്ള കപ്പലാണിത്. റസ്‌റ്രോറന്റുകൾ, ബാറുകൾ, സ്‌പാ, ജിം, തിയേറ്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, കാസിനോ തുടങ്ങിയവയാണ് ആകർഷണങ്ങൾ.

കൊച്ചിയിൽ നിന്ന് മാലിയിലേക്ക് കോസ്‌റ്റ വിക്‌ടോറിയ

കോസ്‌റ്റയുടെ നിയോറിവേറ കൊച്ചി കേന്ദ്രമാക്കി ഡിസംബർ-മാർച്ചിൽ യാത്ര നടത്തിയിരുന്നു. കമ്പനിയുടെ വലിയ കപ്പലുകളിലൊന്നായ കോസ്‌റ്റ വിക്‌ടോറിയ ഈവർഷം നവംബർ 13ന് ഇതേ പാതയിൽ യാത്ര നടത്തും. 14 ഡെക്കുകളുള്ള കപ്പലാണിത്. കൊച്ചി-മാലിദ്വീപ് യാത്രയ്ക്ക് ടിക്കറ്ര് നിരക്ക് 26,800 രൂപയാണ് (മൂന്നു രാത്രി). അഞ്ച് ശതമാനം ജി.എസ്.ടിയുമുണ്ട്. കുട്ടികൾക്ക് 9,000 രൂപ. താമസം, ഭക്ഷണം, വിനോദങ്ങൾ ഉൾപ്പെടെയുള്ള നിരക്കാണിത്.

''ചൈനയ്‌ക്കായുള്ള ക്രൂസ് കപ്പലാണ് കോസ്‌റ്റ വെനേസിയ. ഈ രംഗത്ത് വലിയ വിപണിയാണ് ചൈന. ഇന്ത്യയെ ഭാവി വിപണിയായാണ് ഞങ്ങൾ കാണുന്നത്"

തിമോയിർ മ്യൂസിച്ച്,

ക്യാപ്‌റ്റൻ, കോസ്‌റ്റ വെനേസിയ