mm-mani

ഇടുക്കി : ഡാംതുറന്നതിലെ പാളിച്ചയെക്കുറിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമർശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. റിപ്പോർട്ടിൽ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുൻ യു പി എ സർക്കാരിന്റെ വക്കീലാണ് അമിക്കസ് ക്യൂറിയെന്നും റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും മന്ത്രി കുമളിയിൽ പറഞ്ഞു.

ഡാമുകൾ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുൾപ്പെടെ പ്രളയംകൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാണിക്കുന്ന റിപ്പോർട്ടാണ് കവിഞ്ഞ ദിവസം അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നു വിട്ടതിൽ പാളിച്ചകളുണ്ടായെന്ന് അമിക്കസ്‌ക്യൂറി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രളയത്തിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.