ന്യൂഡൽഹി: കോൺഗ്രസിനോട് താൻ എല്ലാ അർത്ഥത്തിലും ക്ഷമിച്ചതായും ആരോടും ഒരു പകയുമില്ലെന്നും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവ് ജഗൻമോഹൻ റെഡ്ഡി.''എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. ഞാൻ എല്ലാ ദിവസവും മുടങ്ങാതെ ബൈബിൾ വായിക്കുന്ന ആളാണ്. പകയും പ്രതികാരവും ദൈവത്തിനുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സംസ്ഥാനമാണ് എനിക്ക് വലുത്. അതിന്റെ പ്രത്യേക പദവിക്കാണ് പ്രധാന്യം കൊടുക്കുന്നത്. "- ജഗൻ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനോടുള്ള തന്റെ നയം ജഗൻ വ്യക്തമാക്കിയത്.
ആന്ധ്രപ്രദേശ് വിഭജിച്ച യു.പി.എ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2010-ലാണ് ജഗൻമോഹൻ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് തന്റെ കുടുംബത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗൻ ആരോപിച്ചിരുന്നു.
എന്നാലിപ്പോൾ ബി.ജെ.പിയെയും സംസ്ഥാനം ഭരിക്കുന്ന ടി.ഡി.പിയെയും കടന്നാക്രമിക്കുകയാണ് ജഗൻ.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനത്തിൽനിന്ന് മോദിയും ബി.ജെ.പിയും പിന്മാറിയെന്നും ഇരുപാർട്ടികളും ചേർന്ന് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും, അവർ കള്ളംപറഞ്ഞ് അധികാരത്തിലെത്തിയവരാണെന്നും അദ്ദേഹം ആരോപിച്ചു.