yogi-adithyanath

ലക്‌നൗ:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് ന്യൂനപക്ഷ വർഗീയതയുടെ നിറം നൽകുന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയുടെ തുടർച്ചയായി, മുസ്ലിം ലീഗ് ഒരു വൈറസാണെന്നും അതിപ്പോൾ കോൺഗ്രസിനെ ബാധിച്ചിരിക്കയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചത് ദേശീയതലത്തിൽ വിവാദമായി.

അതിനോട് പ്രതികരിച്ച്, യോഗി ആദിത്യ നാഥ് എന്ന 'ഭോഗി ആദിത്യ നാഥ്' ആണ് വൈറസെന്നും ഈ തിരഞ്ഞെടുപ്പിൽ ആ വൈറസിനെ ഉന്മൂലനം ചെയ്യുമെന്നും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജെവാല തിരിച്ചടിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗി ആദിത്യനാഥിനെ വിമർശിക്കുകയും ചെയ്‌തു.

ഇന്നലെയാണ് മുസ്ലിം ലീഗിനെക്കുറിച്ച് യോഗി ട്വിറ്ററിൽ ആക്ഷേപകരമായ പരാമർശം നടത്തിയത്. കേരളത്തിൽ മുസ്ലിംലീഗ് ദീർഘകാലമായി കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായിരിക്കെ, പരാമർശം ഇരുകക്ഷികളെയും അവഹേളിക്കുന്നതാണെന്നും വർഗീയത ഇളക്കാനുള്ള പ്രകടമായ ശ്രമമാണെന്നും ആക്ഷേപമുയർന്നു. ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാർ മുസ്ളിം ലീഗാണെന്ന ആരോപണവും യോഗിയുടെ കുറിപ്പിലുണ്ട്.

യോഗിയുടെ പരാമർശങ്ങൾ അങ്ങേയറ്റം അതിരു വിട്ടതാണെന്ന് കോൺഗ്രസ് വക്താവ് സുർജെവാല പറഞ്ഞു.'ഭോഗി ആദിത്യനാഥ്" എന്ന് പേരുള്ള ഒരു വൈറസ് ഉത്തർപ്രദേശിലെ വികസനത്തിന് വിഘാതമായി നിൽക്കുന്നുണ്ട്. അവിടത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ആ വൈറസിനെ ജനങ്ങൾ കുറെയൊക്കെ ഒതുക്കിയതാണ്. ഈ തിരഞ്ഞെടുപ്പിൽ ആ വൈറസിനെ പൂർണമായും ഉന്മൂലനം ചെയ്യുമെന്നും സുർജെവാല പറഞ്ഞു.

'ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗുമായി കേരളത്തിൽ രാഹുലിന് രഹസ്യ അജൻഡയുണ്ടെന്ന്' രാഹുൽ വയനാട്ടിൽ പത്രിക സമർപ്പിച്ച വ്യാഴാഴ്‌ചയും യോഗി ആദിത്യ നാഥ് ആക്ഷേപിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷ പ്രീണനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നേരത്തെയും ആരോപിച്ചിരുന്നു. അമേതിയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ പേടിച്ച് വയനാട്ടിൽ സ്വാധീനമുള്ള ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിലേക്ക് രാഹുൽ ഒളിച്ചോടുന്നു എന്നായിരുന്നു ആക്ഷേപം. ബി.ജെ.പി കേരള ഘടകവും രാഹുലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

യോഗിയുടെ കുറിപ്പ് ഇങ്ങനെ:

''മുസ്ലിം ലീഗ് ഒരു വൈറസാണ്. ഈ വൈറസ് ബാധിച്ചാൽ ആരും അതിജീവിക്കില്ല. ഇപ്പോൾ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കയാണ്. അവർ ജയിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ. ഈ വൈറസ് രാജ്യമാകെ പടരും. 1857ലെ സ്വാതന്ത്ര്യ സമര ഹീറോ ആയിരുന്ന മംഗൾ പാണ്ഡെയ്‌ക്കൊപ്പം രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയായിരുന്നു. അപ്പോഴാണ് ഈ വൈറസ് കടന്നുവന്ന് നാടാകെ വ്യാപിക്കുകയും രാജ്യത്തെ വിഭജിക്കുകയും ചെയ്‌തത്. അതേ ഭീഷണി വീണ്ടും രാജ്യം നേരിടുകയാണ്. പച്ചക്കൊടികൾ വീണ്ടും പറക്കുന്നു. സൂക്ഷിച്ചിരിക്കുക.''