കോഴിക്കോട്: ഡാമുകൾ തുറന്നുവിട്ട് മഹാപ്രളയം സൃഷ്ടിച്ച മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തെ തകർക്കാൻ മുഖ്യമന്ത്രി ക്വട്ടേഷൻ എടുത്തിരിക്കുകയാണ്. ഡാമുകൾ തുറക്കും മുമ്പ് മുന്നറിയിപ്പ് നൽകിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പറയുന്ന മുന്നറിയിപ്പ് അലർട്ടുകൾ രേഖകളിൽ മാത്രമായിരുന്നെന്നും ജനങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് പറ്റിയ അബദ്ധം മൂടിവയ്ക്കാനാണ് കേന്ദ്ര ജല കമ്മിഷനും സംസ്ഥാന സർക്കാരും ഒത്തുകളിക്കുന്നത്. കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ട് കൂട്ട് പിടിച്ചാണ് മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
ഇനിയും ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനാണ് പ്രതിപക്ഷം ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് ഇത്രയും ജീവൻ അപഹരിക്കാനുള്ള കാരണം. നവകേരളം നിർമ്മിക്കുമെന്ന് പറയുകയല്ലാതെ ഒന്നും നടപ്പിലാക്കിയിട്ടില്ല. എത്ര പേർക്ക് പുതിയ വീടു നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വ്യാപാരികൾക്ക് നൽകുമെന്ന് പറഞ്ഞിരുന്ന പലിശ രഹിത വായ്പ നൽകിയിട്ടില്ല. കോടതിയുടെ നിഷ്‌പക്ഷ പ്രതിനിധിയാണ് അമിക്കസ് ക്യൂറിയെന്നും അത് രാഷ്ട്രീയ പ്രേരിതമെന്ന് വിമർശിച്ചവർ കോടതിയെയാണ് വിമർശിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ കോടതി വിധിയുണ്ടായപ്പോൾ കോടതിയോട് അപ്പോൾ തോന്നിയ ബഹുമാനം ഇപ്പോൾ എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.