ഹൈദരാബാദ്:ആന്ധ്രയിൽ ഭരണകക്ഷിയായ ടി.ഡി.പിയുടെ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെരുവിലിറങ്ങി. വിജയവാഡയിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപമാണ് നായിഡുവും സംഘവും പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ കുടിപ്പക തീർക്കുകയാണെന്ന് നായിഡു മാദ്ധ്യമങ്ങളോട് പറഞ്ഞു.
''മോദിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, പിന്നീട് എല്ലാം നടക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമായിരിക്കും. എല്ലാ പാർട്ടികൾക്കും ഒരേ അവസരമാണുള്ളത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. " നായിഡു ആരോപിച്ചു.
ഇത് വളരെ മോശമാണ്. മോദി ഇതിന് ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരും. ഉദ്യോഗസ്ഥർ ഇത്തരത്തിൽ മോദിയുടെ വാക്ക് കേൾക്കരുത്. അങ്ങനെ ചെയ്താൽ അനനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയ്ക്ക് ശേഷം
കഴിഞ്ഞമാസം കർണാടകയിൽ ജെ.ഡി.എസ് മന്ത്രി പുട്ടരാജു അടക്കമുള്ള നേതാക്കളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ആന്ധ്രയിൽ പിടിച്ചത് 9.25 കോടി
ആന്ധ്രയിലെ വിവിധയിടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 3.30 കോടിയുടെ അനധികൃത പണം പിടിച്ചെടുത്തു. ഇത് വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 9.25 കോടി രൂപ പിടിച്ചെച്ചെടുത്തിട്ടുണ്ട്.