ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി,യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് വോട്ടുചെയ്യരുതെന്ന് നാടകപ്രവർത്തകരുടെ കൂട്ടായ്മ. അറുനൂറിലധികം നാടക പ്രവർത്തകരുടെ കൂട്ടായ്മയാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
നസറുദ്ദിൻ ഷാ, രത്നാ പഥക് ഷാ, അനുരാഗ് കശ്യപ്, കങ്കണാ സെൻ ശർമ്മ, മാനവ് കൗൾ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽ പ്രമുഖർ നേരത്തെ 103 സിനിമാ പ്രവർത്തകർ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് മറ്റു കലാകാരന്മാരും ഈ കൂട്ടായ്മയുടെ ഭാഗമാകുകയായിരുന്നു.
സ്നേഹം, സഹാനുഭൂതി, സമത്വം, തുല്യത എന്നിവയ്ക്കായി വോട്ട് ചെയ്യണമെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും നാടക പ്രവർത്തകരുടെ കൂട്ടായ്മ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.