news

1. പ്രളയം മനുഷ്യ നിര്‍മ്മിതം എന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി വൈദ്യുതി മന്ത്രി എം.എം മണി. പ്രളയ കാരണങ്ങളെ കുറിച്ച് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കളിച്ചു. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തു. മുന്‍ യു.പി.എ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറിയെന്നും എം.എം. മണി.

2. പ്രളയത്തില്‍ അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നു വിട്ടതുള്‍പ്പെടെ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നടപ്പാക്കേണ്ട അടിയന്തരകര്‍മ പദ്ധതി ചെയ്യാത്തത് സ്ഥിതി വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് എതിരെയാണ് മന്ത്രി രംഗത്ത് എത്തിയത്.

3. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ പുതിയ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും കുടുംബത്തിനും പങ്കുണ്ടെന്ന് മോദി. ആരോപണം, അഗസ്റ്റ വെസ്റ്റ് ലാന്‍ഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഹമ്മദ് പട്ടേലിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ. അതേസമയം, ആരോപണത്തെ നിഷേധിച്ച് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍

4. ഡല്‍ഹി ഹൈക്കോടതിയില്‍ ആയിരുന്നു ചില പ്രമുഖ യു.പി.എ നേതാക്കളെ ഇടപാടില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി മിഷേല്‍ ആരോപിച്ചത്. താന്‍ ആരുടേയും പേര് ഇടപാടുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടില്ല എന്നും എന്‍ഫോഴ്സ്‌മെന്റ് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും മിഷേല്‍

5. ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചാല്‍ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നതിനെ കുറിച്ച് പുനര്‍ വിചിന്തനം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അഫ്സ്പയുടെ വീര്യം കുറച്ച് സൈന്യത്തെ ദുര്‍ബലപ്പെടുത്തോന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ത്രിപുരയിലും അരുണാചല്‍ പ്രദേശിന്റെയും മേഘാലയയുടെയും ചില ഭാഗങ്ങളിലും അഫ്സ്പ പിന്‍വലിച്ചു എന്നും രാജ്നാഥ് സിംഗ്. പ്രതികരണം, ഗൗതം ബുദ്ധയിലെ ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ് ശര്‍മക്ക് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോള്‍

6. തീവ്രവാദികളും ഭീകരരുമുള്ള പ്രദേശങ്ങളില്‍ അഫ്സ്പ സൈനികരുടെ കൈകള്‍ക്ക് കരുത്ത് നല്‍കുന്നു. രാജ്യ ദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള നിയമം റദ്ദാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ മറുപടി നല്‍കണം. രാജ്യ ദ്രോഹികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംസാരിക്കുന്നത് ഞെട്ടിച്ചുവെന്നും രാജ് നാഥ് സിംഗ്

7. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ കൊണ്ട് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അവസ്ഥ മോശമാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചതായി ഡോക്ടര്‍മാര്‍. നിലവില്‍ നല്‍കുന്ന ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. കുട്ടിയുടെ ജീവന്‍ ഇപ്പോഴും നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

8. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ട എന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ തീരുമാനം. അതിക്രൂരമായി മര്‍ദ്ദനമേറ്റ ഏഴ് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ വ്യാഴാഴ്ച.

9. സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡാമുകളില്‍ നിന്ന് തുറന്ന് വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കേരള സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ഡാമുകളില്‍ നിന്ന് തുറന്ന് വിട്ട വെള്ളത്തിന്റെ കണക്ക് കാണിച്ച് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഈ കണക്കുകളില്‍ വലിയ വ്യത്യാസമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും പ്രതികരണം

10. മഹാപ്രളയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആണെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിന് ശക്ത കൂട്ടുന്നത് ആയിരുന്നു പ്രളയക്കാലത്ത് ഡാമുകള്‍ തുറന്ന് വിട്ടതില്‍ പാളിച്ച സംഭവിച്ചെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് റിപ്പോര്‍ട്ടിനെ പാടെ തള്ളി കൊണ്ട്. ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നും സര്‍ക്കാര്‍ വാദം

11. ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് വിട്ട് സുപ്രീംകോടതി. ശിക്ഷ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കും എന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുടെ ഉത്തരവ്, ബി.സി.സി.ഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെ. ശിക്ഷാ കാലാവധി മൂന്ന് മാസത്തിനുള്ളില്‍ നിശ്ചയിക്കണമെന്നും ഓംബുഡ്സ്മാന് സുപ്രീം കോടതിയുടെ നിര്‍ദേശം.

12. ശ്രീശാന്തിന്റെ ഭാഗം കൂടി കേട്ടു വേണം ശിക്ഷ തീരുമാനിക്കാന്‍ എന്നും ബെഞ്ച്. സുപ്രീംകോടതിയുടെ തീരുമാനം, ഒത്തുകളി ആരോപണത്തില്‍ ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം റദ്ദാക്കിയതിന് പിന്നാലെ. 2013 ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും കളിക്കാന്‍ വിലക്ക ഏര്‍പ്പെടുത്തിയിരുന്നു.