തിരുവനന്തപുരം: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) 2018-19ൽ നൽകിയ വായ്‌പാനുമതിയിൽ 127 ശതമാനം വളർച്ച. സർവകാല റെക്കാഡാണിത്. മുൻവർഷത്തെ 724 കോടി രൂപയിൽ നിന്ന് 1,640 കോടി രൂപയായാണ് വായ്‌പാനുമതി ഉയർന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജീവ് കൗശിക് പറഞ്ഞു.
കെ.എഫ്.സിയുടെ വായ്‌പാനുമതി മൂന്നിരട്ടിയാക്കി ഉയർത്താനായി പി.എൽ.ആർ 14.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി അടിസ്ഥാനനയം മാറ്രിയിരുന്നു. സംസ്ഥാനത്തെ 2,700ഓളം വ്യവസായ സംരംഭകർക്ക് ഇതുവഴി കുറഞ്ഞ പലിശയിലേക്ക് മാറാൻ കഴിഞ്ഞു. വായ്‌പാ വിതരണത്തിലും കഴിഞ്ഞവർഷം കുതിപ്പുണ്ടായി. 816 കോടി രൂപയാണ് വിതരണം ചെയ്‌തത്. പ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കഴിഞ്ഞവർഷം സംരംഭകരെ തളർത്തിയിരുന്നു. എന്നാൽ, ഉദാരമായ വ്യവസ്ഥകളിലൂടെയും ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിലൂടെയും തിരിച്ചടവ് ഊർജിതമാക്കാൻ കെ.എഫ്.സിക്ക് കഴിഞ്ഞു. 900 കോടി രൂപയാണ് വായ്‌പാത്തിരിച്ചടവിലൂടെ സമാഹരിച്ചത്.
വായ്‌പാ ആസ്‌തി 10 ശതമാനം ഉയർന്ന് 2,700 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്‌തി അഞ്ച് ശതമാനത്തിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കെ.എഫ്.സിയുടെ ബാങ്ക് വായ്‌പകളുടെയും ബോണ്ടിന്റെയും റേറ്രിംഗ് അടുത്തിടെ റേറ്രിംഗ് ഏജൻസികൾ ഉയർത്തിയത് നേട്ടമായി. നടപ്പുവർഷവും റേറ്രിംഗ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. സംരംഭകർക്ക് ഓൺലൈൻ സേവനങ്ങൾ നൽകുക, ജീവനക്കാരുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യമാണ് നടപ്പുവർഷം കെ.എഫ്.സിക്കുള്ളത്.