ന്യൂഡൽഹി: 2018ലെ സിവിൽ സർവീസ് പരീക്ഷാഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. കനിഷ്ക് കഠാരിയ ഒന്നാംറാങ്ക് നേടി. അക്ഷത് ജെയിൻ രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും നേടി. ശ്രേയൻസ് കുമത്തിനാണ് നാലാം റാങ്ക്. അഞ്ചാം റാങ്ക് നേടിയ സൃഷ്ട് ജയന്ത് ദേശ് മുഖ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. 759 പേരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 577 പേർ പുരുഷൻമാരും 182 പേർ സ്ത്രീകളുമാണ്. ആദ്യ 25 റാങ്കുകളിൽ 15 പേർ പുരുഷൻമാരും പത്തുപേർ സ്ത്രീകളുമാണ്.
പുറത്ത് വന്ന വിവരമനുസരിച്ച് തൃശൂർ സ്വദേശി ശ്രീലക്ഷ്മി റാം 29ാ-ം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി.
മലയാളിയായ ആദിവാസി പെൺകുട്ടി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി. വയനാട് പൊഴുതന സ്വദേശിയാണ്. ഇതാദ്യമായാണ് കുറിച്യ ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു മലയാളി പെൺകുട്ടി ഈ നേട്ടത്തിന് അർഹയാകുന്നത്.
മുംബയ് ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബിരുദം നേടിയ കനിഷ്‌ക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. 2018 ജൂൺ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലായി നടന്ന മെയിൻ പരീക്ഷയ്ക്ക് 10648 പേർ യോഗ്യത നേടി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തിൽ 1994 പേരാണ് പങ്കെടുത്തത്.
സിവിൽ സർവീസ് പരീക്ഷഫലത്തിന്റെ പൂർണ രൂപത്തിന്
https://upsc.gov.in/sites/default/files/FR-CSME-2018-Engl.pdf