iuml

മലപ്പുറം: പച്ച പതാകയും ചിഹ്നങ്ങളും വ‌ർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മുസ്ളീം ലീഗ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകും. ലീഗിനെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ,​ മാദ്ധ്യമങ്ങൾ എന്നിവയ്ക്കെതിരെ തെളിവുകൾ സഹിതം രണ്ടുദിവസത്തിനകം പരാതി നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കേരളകൗമുദിയോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരുടെ വിവരങ്ങളും ലീഗ് ശേഖരിക്കുന്നുണ്ട്.

ലീഗിനെ കേന്ദ്രബിന്ദുവാക്കിയുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾ ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പാ‌ർട്ടിയുടെ വളർച്ചയ്ക്ക് തുണയാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പാർട്ടിയെ പരിചയപ്പെടാനും പഠിക്കാനും ഇതു വഴിയൊരുക്കും. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുതലെടുപ്പിൽ മൗനം അവലംബിക്കുന്നത് ബി.ജെ.പിക്ക് തുണയാകുമെന്നാണ് ലീഗ് നിഗമനം. അതിനാൽ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം.