mullappally-ramachandran

തിരുവനന്തപുരം:മതേതര ജനാധിപത്യ ശക്തികളെ വളർത്താനായി അരനൂറ്റാണ്ടായി അക്ഷീണം പ്രയത്നിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന് കെ. പി. സി. സി

പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭിന്നിപ്പിന്റെ രാഷ്ട്രീയം വളർത്തുന്ന യോഗി ആദിത്യനാഥിനെ നിയന്ത്രിക്കാൻ ബി.ജെ.പി നേതൃത്വത്തിന് ബാദ്ധ്യതയുണ്ടെന്നും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ കലുഷമാക്കാനുള്ള ഏത് ശ്രമത്തേയും ഇന്ത്യൻ ജനത തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെതിരെയുള്ള യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിവംഗതരായ അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളെയും പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളെയും പോലുള്ള നേതാക്കൾ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഉജ്ജ്വല പ്രതീകങ്ങളായിരുന്നു. മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന ഓർമ്മയാണ് സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിന്റെ ജീവിതം. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനോടൊപ്പം നടന്നു നീങ്ങിയ അരനൂറ്റാണ്ടു കാലത്തെ ചരിത്രമാണ് ലീഗിന്റേത്.
ബാബറി മസ്ജിദ് തകർക്കപ്പെട്ട ഉടനെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നടത്തിയ പ്രസ്താവനയും ഇടപെടലും വിവേകപൂർണ്ണമായ ഒരു നേതൃത്വത്തിന്റെ പക്വവും രാജ്യസ്നേഹത്തിൽ അധിഷ്ഠിതവുമായ നിലപാടുമായിരുന്നു. സമാധാനവും ശാന്തിയും ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ ഈ നാട് ഒരിക്കലും മറക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.