തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി സ്ഥാനാർത്ഥിയായെത്തിയതോടെ ദേശീയ ശ്രദ്ധാകേന്ദ്രമായ വയനാട്ടിൽ ശക്തിപ്രകടനത്തിലൂടെ കരുത്തു കാട്ടാൻ മുന്നണികൾ. മുൻനിര നേതാക്കളെ ഇറക്കി, തോൽക്കാൻ മനസ്സില്ലെന്ന മട്ടിലുള്ള പോരാട്ടം കാഴ്ചവയ്‌ക്കാനൊരുങ്ങുന്ന മുന്നണികളുടെ നീക്കം, വയനാടൻമലയെ ത്രസിപ്പിക്കുമെന്നുറപ്പ്.
നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾത്തന്നെ വയനാടിനെ ഇളക്കിമറിച്ച രാഹുലും പ്രിയങ്കയും 16-നോ 17-നോ വീണ്ടുമെത്തും. നാടിനെ ഇളക്കുന്ന ഒരു റാലിക്കു കൂടി വട്ടംകൂട്ടുകയാണ് യു.ഡി.എഫ് നേതൃത്വം. മുൻ കേന്ദ്രമന്ത്രി ടി.ആർ. തങ്കബാലുവിന് മണ്ഡലത്തിലെ മൊത്തം പ്രചാരണച്ചുമതല നൽകിയിരിക്കുന്ന കോൺഗ്രസിനായി മുകുൾവാസ്‌നികും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമെല്ലാം സജീവമായിത്തന്നെ ഉണ്ടാകും.
ഒട്ടും വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിൽ ഇടതു നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ചുള്ള പടുകൂറ്റൻ റാലിക്കാണ് തയ്യാറെടുക്കുന്നത്. 11ന് രാവിലെ 10 ന് കൽപ്പറ്റയിലാണ് പിണറായി പങ്കെടുക്കുന്ന റാലി. അന്നു തന്നെ സി.പി.ഐ ജനറൽസെക്രട്ടറി എസ്. സുധാകർ റെഡ്ഡി മണ്ഡലത്തിന്റെ ഭാഗമായ ഏറനാട്ടിലെത്തും. 10-ന് പ്രകാശ് കാരാട്ടും 17-ന് വൃന്ദ കാരാട്ടും 18-ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമെത്തും. ഓരോ ലോക്കൽ കമ്മിറ്റി അംഗത്തോടും അഞ്ചു വോട്ടുകൾ വീതം അധിനകമായി ക്യാൻവാസ് ചെയ്യാനും സി.പി.എം നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
ബി.ജെ.പി അമേതിയിലെ രാഹുലിന്റെ എതിരാളി സ്‌മൃതി ഇറാനിയെ എത്തിച്ച് റാലിയും റോഡ്ഷോയുമാണ് ആസൂത്രണം ചെയ്യുന്നത്. 12- ന് മുഴുവൻ സമയവും സ്‌മൃതി ഇറാനി വയനാട് മണ്ഡലത്തിൽ കറങ്ങും. രാഹുലിന് ബദലുക്ക് ബദൽ എന്നതാണ് നിലപാട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും 17-ന് മണ്ഡലത്തിലെത്തും. രാഹുൽ പോരാടുന്നത് ബി.ജെ.പിയോടെന്ന പ്രചാരണം തന്നെ വയനാട്ടിൽ അവർക്ക് വലിയ ഉത്തേജനമായിട്ടുണ്ട്. ദേശീയതലത്തിലും ഇത് ആ തരത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന കണക്കുകൂട്ടലിലാണ് അവർ.