ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വീണ്ടും തോൽവി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 വിക്കറ്റിന്റെ വിജയം
ആന്ദ്രേ റസ്സൽ മാൻ ഒഫ് ദമാച്ച്
ബംഗളൂരു: ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്രിംഗിന്റെ പിൻബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മറ്റൊരു ത്രസിപ്പിക്കുന്ന ജയംകൂടി. ഐ.പി.എല്ലിൽ ഈ സീസണിലെ ആദ്യ ജയമെന്ന ബാംഗ്ലൂരിന്റെ മോഹങ്ങളെ തല്ലിത്തകർത്ത് ആന്ദ്രേ റസ്സൽ കൊൽക്കത്തയ്ക്ക് അഞ്ച് വിക്കറ്രിന്റെ തകർപ്പൻ ജയം സമ്മാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 205 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി. എന്നാൽ മറുപടിക്കിറങ്ങിയ കൊൽക്കത്ത 13 പന്തിൽ അതിവേഗം 48 റൺസടിച്ച റസ്സലിന്റെ ബാറ്റിംഗിന്റെ പിൻബലത്തിൽ 19.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. 1 ഫോർ മാത്രം അടിച്ച റസ്സലിന്റെ ബാറ്രിൽ നിന്ന് 7 സിക്സറുകളാണ് പറന്നത്. 31 പന്തിൽ 43 റൺസെടുത്ത ക്രിസ് ലിന്നാണ് കൊൽക്കത്തയുടെ ഇന്നിംഗ്സിന് അടിത്തറയിട്ടത്. റോബിൻ ഉത്തപ്പ (25 പന്തിൽ 33), നിതീഷ് റാണ (23 പന്തിൽ 37) എന്നിവരും നന്നായി ബാറ്ര് ചെയ്തു. നവദീപ് സെയ്നി ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ക്യാപ്‌ടൻ വിരാട് കൊഹ്‌ലിയുടെയും (49 പന്തിൽ 84) സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സിന്റെയും (32 പന്തിൽ 63) തകർപ്പൻ ബാറ്റിംഗാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും രണ്ടാം വിക്കറ്രിൽ കൂട്ടിച്ചേർത്ത 108 റൺസാണ് ബാംഗ്ലൂർ ഇന്നിംഗ്സിന്റെ നെടുംതൂൺ.9 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്സ്. 5 ഫോറും 4 സിക്സുമാണ് ഇന്നലെ ചിന്ന സ്വാമിയിൽ ഡിവില്ലിയേഴ്സിന്റെ ബാറ്രിൽ നിന്ന് പറന്നത്.
പാർത്ഥിവ് പട്ടേലും കൊഹ്‌ലിയും ചേർന്ന് നല്ലതുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 7.5 ഓവറിൽ 64 റൺസ് കൂട്ടിച്ചേർത്തു. 24 പന്തിൽ 3 ഫോറുൾപ്പെടെ 25 റൺസ് നേടിയ പാർത്ഥിവിനെ എൽബിയിൽ കുരുക്കി റാണയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ഡിവില്ലിയേഴ്സ് കൊഹ്‌ലിക്ക് കൂട്ടായി ക്രീസിലെത്തിയതോടെ ആതിഥേയരുടെ സ്കോറിംഗ് ടോപ് ഗിയറിലാവുകയായിരുന്നു. കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും ബാംഗ്ലൂർ ആരാധകർ ഏറെ നാളായി കാത്തിരുന്ന പ്രകടനമാണ് പുറത്തെടുത്തത്. കൊഹ്‌ലിയെ സ്വന്തം ബൗളിംഗിൽ പിടികൂടി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. ഡിവില്ലിയേഴ്സിനെ നരെയ്ൻ ശുഭ്മാൻ ഗില്ലിന്റെ കൈയിൽ എത്തിച്ചു. സ്‌റ്രോയിനിസ് 13 പന്തിൽ 28 റൺസെടുത്ത് പുറത്താകാതെ നിന്നു.