rahul-gandhi

കൽപ്പറ്റ: കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തിയ സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ റോഡ് ഷോയ്ക്കിടെ മാദ്ധ്യമ പ്രവർത്തകരെ പരിചരിച്ച് ആംബുലൻസിൽ കയറ്റുന്ന വീഡിയോ ദേശീയ മാദ്ധ്യമങ്ങളിലൂടെ വൻ ച‌‌ർച്ചയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആരോപണവുമായി എതിർപക്ഷം രംഗത്തെത്തിയിരുന്നു.

എന്നാൽ ഇതിനെതിരെയുള്ള മാദ്ധ്യമപ്രവർത്തകൻ സി.വി ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അപകടം നടന്നയുടൻ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മുഴുവൻ മാദ്ധ്യമപ്രവർത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നതെന്ന് ഷിബു ഫേസ്ബുക്കിൽ കുറിച്ചു. ഞങ്ങൾ ആറ് പേർ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ എന്നും വിമർശിക്കുന്നവരോട് ഷിബു ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞങ്ങൾ ആറ് പേർ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു. എഴുതുന്നു..

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

രാഹുൽ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവർത്തകർ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാല്‍ ചില കമ്യൂണിക്കേഷൻ ഗ്യാപ് മൂലം മീഡിയാക്കാർക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാൻ വൈകി. 20 പേർക്ക് മാത്രമെ ഈ വാഹനത്തിൽ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി എത്തുന്നതിന് അല്‍പ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങൾ അഞ്ച് പേർക്ക് മാത്രം ( പി.ജയേഷ്, ജംഷീർ കൂളിവയൽ ,ഇല്യാസ് പള്ളിയാൽ, ഷമീർ മച്ചിംങ്ങൽ, അനൂപ് വർഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൽ കാല് ചുവട് മാറ്റി ചവിട്ടാൻ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോ‍ർട്ടിങ്ങിനും ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക നൽകി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോൾ ഹമ്പ് ചാടിയപ്പോൾ വാഹനത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്‌കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയിൽ വീണത്.

ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോള്‍ തൊട്ടുപിന്നാലെ വരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകർത്താന്‍ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാൽ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയില്‍ വീണ ഉടന്‍ ചെരിഞ്ഞ വാഹനത്തിന്റെ താല്‍കാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെല്‍ഡ് ചെയ്തായിരുന്നു കൈവരി. ) തകര്‍ന്ന് റിക്‌സണ്‍ ഉള്‍പ്പടെ ആറുപേര്‍ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്‌സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്.

അപകടമുണ്ടായപ്പോൾ എന്റെ തലക്ക് മുകളിലൂടെയാണ് റിക്‌സണ്‍ അടക്കമുള്ള നാല് പേർ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേർ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞ്ഞില്ലായിരുന്നെങ്കിലും കൈവരി തകർന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയിൽപ്പെട്ട് മരിക്കുന്നത് ഞങ്ങൾ ആറ് പേര്‍ ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വൻ അപകടം ഒഴിവായത്.

അപകടം നടന്നയുടൻ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മുഴുവൻ മാധ്യമപ്രവർത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകൾ പറ്റിയവർ പോലും അപകടത്തിൽ പകച്ച് നിന്നപ്പോള്‍ അവർ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊർജ്ജമാണ് മാധ്യമ പ്രവർത്തകർക്ക് സമ്മാനിച്ചത്. കൂടുതൽ വിവരങ്ങളും നിങ്ങൽ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കിൽ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്താതിരിക്കുക.