ന്യൂഡൽഹി: ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുന്നിലെന്ന് സർവേ ഫലങ്ങൾ. ഫസ്റ്റ് പോസ്റ്റ്- ഐ.പി.എസ്.ഒ.എസ് സർവേയിലാണ് നരേന്ദ്രമോദിയെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങൾ പരിഗണിച്ച സർവേയിൽ മോദി മുന്നിലെത്തിയെങ്കിലും 2014ലെ തരംഗം ആവർത്തിക്കാൻ ബി.ജെ.പിക്ക് സാധിക്കില്ലെന്നും സർവേ വ്യക്തമാക്കുന്നു.
എന്നാൽ ബി.ജെ.പിയാകും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന് സർവേ ഫലം പറയുന്നു. 2018ൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശേഷമുണ്ടായ മുൻതൂക്കം നിലനിർത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും സർവേയിൽ പറയുന്നു.
മാർച്ച് രണ്ടുമുതൽ 22 വരെ 31,000 വോട്ടർമാരിലാണ് സർവേ നടത്തിയത്. മോദിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയതാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ കൂടുതൽ പേരെ പ്രേരിപ്പിച്ചതെന്നും സർവേയിൽ പറയുന്നു. സാമ്പത്തിക വളർച്ചയിൽ രാജ്യത്തിന്റെ മുന്നേറ്റവും പ്രേരണയായെന്ന് ചിലർ പറയുന്നു.
അഴിമതിയ്ക്കെതിരെയും രാജ്യത്തിന്റെ സുരക്ഷയുടെയും കാര്യത്തിൽ യഥാക്രമം 67, 66 ശതമാനം ആളുകൾ ബി.ജെ.പിയിൽ വിശ്വസിക്കുന്നു. ഓരോ സംസ്ഥാനങ്ങൾ വീതം പരിഗണിച്ചാൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ പേരും ബി.ജെ.പിയെയാണ് വിശ്വസിക്കുന്നതെന്ന് സർവേ പറയുന്നു.
ബംഗാളിൽ തൃണമൂലിലും തമിഴ്നാട്ടിൽ ഡി.എം.കെയിലുമാണ് ജനങ്ങൾ കൂടുതൽ വിശ്വസിക്കുന്നത്. കേരളത്തിൽ ഇടത് മുന്നണിയെയാണ് ഏറ്റവും വിശ്വാസയോഗ്യമായി സർവേ കാണിക്കുന്നത്.