തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യപെൺകുട്ടിയായ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ശ്രീധന്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. മറ്റു കുട്ടികൾക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉയർന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410-ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർഥികൾക്കും അനുമോദനങ്ങൾ.
2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ ഒരു മലയാളി പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.