franco-mulakkal-

കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. കുറ്റപത്രം തയ്യാറാക്കി അന്വേഷണ സംഘം ഒരു മാസം കഴിഞ്ഞാണ് ഡി.ജി.പിയുടെ അനുമതി നൽകുന്നത്. കുറ്റപത്രം വൈകുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പങ്കെടുക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ നാളെ കൊച്ചിയിൽ നടക്കാനിരിക്കെയാണ് തീരുമാനം.

കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാർ സമരം നടത്തിയതിനെ തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പീഡനം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാർ സമരം നടത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റുണ്ടായെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

കുറ്റപ്പത്രം നവംബറിൽ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. എന്നാൽ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങൾ പിന്നെയും വൈകുകയായിരുന്നു.