ന്യൂഡൽഹി: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ എം.കെ.രാഘവനെതിരായ ഒളിക്യാമറാ വിവാദത്തിൽ ഏത് അന്വേഷണത്തെയും നേരിടാൻ ഒരുക്കമാണെന്ന് ടി.വി 9 ഭാരത് വർഷ് ചാനൽ. വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്കായി ഏത് അന്വേഷണ ഏജൻസിക്കും കൈമാറാൻ ഒരുക്കമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിലെ അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയതെന്നും പുറത്തുവിട്ട ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്നും വിനോദ് കാപ്രി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ ശബ്ദം ഡബ്ബ് ചെയ്തുചേർത്തതാണെന്ന എം കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിന്റെ ദൃശ്യങ്ങളും ശബ്ദവും തന്നെയാണ് സംപ്രേഷണം ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര ഫോറൻസിക്ക് സയൻസ് ലബോറട്ടറിക്ക് (സി.എഫ്.എസ്.എൽ ) കൈമാറാൻ തയ്യാറാണ്. ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാം. ഏത് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാലും ദൃശ്യങ്ങൾ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും വിനോദ് കാപ്രി പറഞ്ഞു.