തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ തിങ്കളാഴ്ചയോടെ പകൽച്ചൂട് 39 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ പ്രവചനാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ് ആവേശത്തിന്റെ ഗ്രാഫ്. ആർക്ക് മേൽക്കൈ എന്നു പറയാനാവാത്ത വിധം തിളച്ചുമറിയുകയാണ് പ്രചാരണം.
കൊടുംവെയിലിൽ ഉരുകിയൊലിച്ച് സ്ഥാനാർത്ഥികളും പ്രവർത്തകരും നഗരത്തിലുടനീളം വോട്ടഭ്യർത്ഥന നടത്തുന്നു. വോട്ടർമാരെ നേരിൽകാണാൻ മുന്നണി സ്ഥാനാർത്ഥികൾ വാഹനപര്യടനത്തിലാണ്. വീടുകയറിയുള്ള സ്ക്വാഡ് വർക്കിന് ചെറു സംഘങ്ങളെ തയ്യാറാക്കുകയാണ് പാർട്ടികൾ. പ്രമുഖർ പങ്കെടുക്കുന്ന കുടുംബയോഗങ്ങൾക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഫോട്ടോഫിനിഷിലേക്ക് എത്തുമെന്ന് സർവേ ഫലം വന്നതോടെ തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന് മുന്നണികൾ കച്ചമുറുക്കുകയാണ്. അതെ, ഇനിയുള്ള 17ദിനങ്ങളിലാണ് ശരിക്കുള്ള കളി കാണാനിരിക്കുന്നത്.
തിരുവനന്തപുരത്ത് 17 ഉം ആറ്റിങ്ങലിൽ 21ഉം പത്രികകളിൽ എത്രയെണ്ണം പിൻവലിക്കുമെന്ന് തിങ്കളാഴ്ച അറിയാം. ഡമ്മി സ്ഥാനാർത്ഥികളും ചെറുകക്ഷികളുടെ സ്ഥാനാർത്ഥികളും പിന്മാറിയാൽ യഥാർത്ഥ ചിത്രം തെളിയും. സ്ഥാനാർത്ഥികൾ സ്വീകരണം ഏറ്റുവാങ്ങിയുള്ള ആദ്യഘട്ട വാഹനപര്യടനത്തിലാണ്. രണ്ടാംഘട്ട പര്യടനം തിങ്കളാഴ്ച തുടങ്ങും. ഇതോടെ പ്രചാരണച്ചൂടിന്റെ ആവേശം നഗരം നിറയും. അന്നുതന്നെ സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിക്കും. പോസ്റ്ററുകളിൽ മുതൽ സോഷ്യൽമീഡിയയിൽ വരെ പ്രചാരണം കത്തിക്കയറുകയാണ്. എല്ലാത്തിനും ന്യൂജനറേഷൻ തരംഗമാണ്. പതിവുശൈലിയിലെ പോസ്റ്ററുകളല്ല, എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്ന സിനിമാ സ്റ്റൈലിലുള്ള പോസ്റ്ററുകളാണ് നഗരം നിറയുന്നത്. 'എൻമനം കുമ്മനം' എന്ന ബി.ജെ.പി പോസ്റ്ററിന് 'ഈ നാട്ടുകാരൻ' പോസ്റ്ററാണ് എൽ.ഡി.എഫിന്റെ മറുപടി. ശശിതരൂരിന്റെ ഗ്ലാമർ ഒപ്പിയെടുത്തുള്ളതാണ് യു.ഡി.എഫിന്റെ പോസ്റ്ററുകൾ. പോസ്റ്ററുകളിലെല്ലാം പ്രൊഫഷണൽ ടച്ചുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ അടുത്തയാഴ്ച തലസ്ഥാനത്തെത്തുന്നതോടെ പ്രചാരണം തിളച്ചുമറിയും. 10നുശേഷം കേന്ദ്രമന്ത്രിമാരുടെ ഒഴുക്കായിരിക്കും തലസ്ഥാനത്തേക്കെന്ന് ബി.ജെ.പി നേതാവ് വി.വി.രാജേഷ് പറയുന്നു. രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മോദിക്കു പിന്നാലെ തിരുവനന്തപുരത്ത് എത്തും. സി.പി.എം, സി.പി.ഐ ദേശീയ നേതാക്കളും വരുന്നുണ്ട്. നാലും അഞ്ചും സെറ്റ് പോസ്റ്ററുകൾ ഒട്ടിച്ചുകഴിഞ്ഞു. അഭ്യർത്ഥനകളും വാഹനപ്രചാരണവും തുടങ്ങി. കൊടുംചൂടായതിനാൽ പകൽ പന്ത്രണ്ടു മുതൽ മൂന്നരവരെ സ്ഥാനാർത്ഥികൾ പ്രചാരണം ഒഴിവാക്കിയിട്ടുണ്ട്. ഈ സമയം തന്ത്രപരമായ വിലയിരുത്തൽ യോഗങ്ങളാണ്. ഉച്ചസമയത്തെ അവധിയുടെ കുറവു നികത്തുന്നത് സാമൂഹ്യമാദ്ധ്യമങ്ങളിലാണ്. സൈബർ പ്രചാരണം ഈ സമയം കത്തിപ്പടരും. നഗരത്തിലുടനീളം പ്രചാരണ കമ്മിറ്റി ഓഫീസുകൾ സജ്ജമായിക്കഴിഞ്ഞു. നാടിളക്കിയുള്ള പ്രചാരണത്തിന് കോപ്പുകൂട്ടുകയാണ് മുന്നണികൾ. പുതിയ കാലത്തിന് അനുയോജ്യമായ പ്രചാരണ തന്ത്രങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നു.
എല്ലാം ഹൈടെക്ക്
പ്രചാരണത്തിന് എല്ലാവർക്കും പ്രൊഫഷണൽ ഏജൻസികളുണ്ട്. പര്യടനം നിശ്ചയിക്കുന്നതും റൂട്ട്മാപ്പ് തയ്യാറാക്കുന്നതും പ്രത്യേക ശ്രദ്ധവേണ്ട സ്ഥലങ്ങൾ കണ്ടെത്തുന്നതുമെല്ലാം ഏജൻസികൾ. എതിർസ്ഥാനാർത്ഥിയുടെ തന്ത്രങ്ങളും പ്രചാരണ രീതിയും വിലയിരുത്തി ദൈനംദിന റിപ്പോർട്ട് നൽകുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രചാരണത്തിനും എതിർ പ്രചാരണത്തിന് മറുപടി നൽകാനും വ്യാജവാർത്തകൾ തുറന്നുകാട്ടാനും പ്രതിരോധിക്കാനുമെല്ലാം ഏജൻസികളുണ്ട്.
വാർ റൂമുകൾ
മുന്നണികൾക്ക് എല്ലാ മണ്ഡലങ്ങളിലും മീഡിയ വാർ റൂമുകളുണ്ട്. ഓരോ നിമിഷവുമുണ്ടാകുന്ന വാർത്തകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാനും സ്ഥാനാർത്ഥികൾക്ക് പ്രസംഗിക്കാൻ ലഭ്യമാക്കുകയും ചെയ്യും. പ്രചാരണത്തിന്റെയും നേതാക്കളുടെയും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നതും വാർ റൂമിൽ നിന്നാണ്. മുൻകാല മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമവിദ്യാർത്ഥികളുമൊക്കെയാണ് വാർറൂമുകൾക്ക് നേതൃത്വം വഹിക്കുന്നത്. എല്ലാവർക്കും നല്ലതുക അലവൻസ് നൽകുന്നുണ്ട്.
സൈബർ പോരാട്ടം
മൂന്ന് മുന്നണികളും സൈബർ പോരാട്ടത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം മുതൽ ടിക്ടോക്കിൽ വരെ പോരാണ്. പ്രചാരണത്തിന്റെ തത്സമയ വീഡിയോകൾ, സ്ഥാനാർത്ഥികളുടെ ലൈവ് അഭ്യർത്ഥനകൾ, വിവാദങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ എന്നിവയാണ് മുഖ്യം. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചുമതലക്കാരനാണ് ശശിതരൂർ. എ.കെ.ജി സെന്ററിലാണ് സി.പി.എമ്മിന്റെ സൈബർ വിഭാഗം പ്രവർത്തിക്കുന്നത്. ബി.ജെ.പിയുടെ ഐ.ടി സെല്ലിൽ എല്ലാ ജില്ലയിലും 9പേർ വീതമുണ്ട്.
റോഡ് ഷോ
പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയാലുടൻ രാഹുലും പ്രിയങ്കയും തലസ്ഥാനത്തെത്തും. ഇരുവരും നയിക്കുന്ന ഗംഭീര റോഡ്ഷോയുണ്ടാവും. സോണിയാഗാന്ധി കൊച്ചിയിലെത്തുമെങ്കിലും തിരുവനന്തപുരത്തേക്ക് വരുന്നത് ഉറപ്പായിട്ടില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ പ്രചാരണത്തിന് തലസ്ഥാനത്തെത്തും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തലസ്ഥാനത്ത് തമ്പടിച്ച് വോട്ടുപിടിക്കും. യു.ഡി.എഫ് കൊട്ടിക്കലാശത്തിന് തീരദേശത്ത് എ.കെ.ആന്റണിയുടെ റോഡ് ഷോ പതിവുള്ളതാണ്. കേന്ദ്രമന്ത്രിമാരുടെ റോഡ് ഷോയാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. സി.പി.എം, സി.പി.ഐ ദേശീയനേതാക്കളുമായി എൽ.ഡി.എഫിന്റെ റോഡ്ഷോയുമുണ്ടാവും.